ട്രാഫിക് ബ്ലോക്ക് ഇല്ലേയില്ല, മണിക്കൂറിൽ   150 കിലോമീറ്റർ വേഗത്തിൽ കുതിച്ചുപായാം: പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്ന അതിവേഗ പാതയുടെ പ്രയോജനം ഏറെ ലഭിക്കുന്നത് മലയാളികൾക്ക്

Sunday 12 March 2023 10:57 AM IST

ബംഗളൂരു: ബംഗളൂരുവിൽ നിന്ന് മൈസൂരിലെത്താൻ വേണ്ടത് വെറും എഴുപത്തഞ്ച് മിനിട്ട്. നേരത്തേ ഇത്രയും ദൂരം താണ്ടാൻ വേണ്ടിയിരുന്നത് മൂന്നുമണിക്കൂർ. ബംഗളൂരു- മൈസൂരു അതിവേഗ പാത ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്നതോടെയാണ് കുതിച്ചുപായാൻ അവസരമൊരുങ്ങുന്നത്. വികസനത്തിനും ഇത് ശരവേഗം നൽകുമെന്നാണ് പ്രതീക്ഷ. 8500 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റർ റോഡ് നിർമ്മിക്കുന്നത്.

കർണാടക സംസ്ഥാനത്തെ പ്രധാന നഗരങ്ങളാണ് ബംഗളൂരുവും മൈസൂരുവും. പക്ഷേ, ഒരു നഗരത്തിൽ നിന്ന് മറ്റാെരിടത്ത് എത്തണമെങ്കിൽ ട്രാഫിക്ക് ബ്ലോക്കിൽപ്പെട്ട് മണിക്കൂറുകൾ നിരങ്ങി നീങ്ങണമെന്നതായിരുന്നു അവസ്ഥ. അതിവേഗ പാത രാജ്യത്തിന് സമർപ്പിക്കുന്നതോ‌ടെ ഇരുനഗരങ്ങൾക്കും ഇട‌യിൽ അതിവേഗ യാത്ര സാദ്ധ്യമാകും.ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്കും ഇത് ഏറെ പ്രയോജനം ചെയ്യും. അതിവേഗപാതയിലൂടെ ബംഗളൂരുവില്‍നിന്ന് വളരെ വേഗത്തില്‍ മൈസൂരുവരെ എത്താന്‍ സാധിക്കുമെന്നതിനാലാണിത്.

പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയാണ് അതിവേഗ പാതയിൽ ഒരുക്കിയിരിക്കുന്നത്. ഇതിന് ഇരുവശത്തുമായി രണ്ട് വീതം സർവീസ് റോഡുകളും. മൊത്തത്തിൽ പത്തുവരിപ്പാത. പ്രധാന പാതയിലൂടെ മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗത്തില്‍ ചീറിപ്പായാം. ടൗണുകളുടെ ഗതാഗതക്കുരുക്കിൽ പെടാതിരിക്കാൻ ആറിടങ്ങളിൽ ബൈപ്പാസുകളുമുണ്ട്. അതിനാൽ തുടക്കംമുതൽ ഒടുക്കംവരെ വേഗത്തിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസും വേണ്ട. അതിവേഗ പാതയിൽ ഓട്ടോയ്ക്കും ബൈക്കുകൾക്കും ഇപ്പോൾ പ്രവേശനമില്ല. സുരക്ഷാ കാരണങ്ങളാലാണ് ഇവയെ ഒഴിവാക്കിയിരിക്കുന്നത്.

അതിവേഗം ചീറിപ്പായണമെങ്കിൽ രണ്ടുതവണ ടോൾ നൽകണമെന്നാണ് റിപ്പോർട്ട്. എന്നാൽ ടോൾനിരക്ക് എത്രയാണെന്ന് വ്യക്തമല്ല. പാതയുടെ കുറച്ചുഭാഗത്തെ നിർമ്മാണം കൂടി പൂർത്തിയാവാനുണ്ട്. എട്ടുമാസത്തോളം എടുക്കും ഇത് പൂർത്തിയാവാൻ. അതിനുശേഷമായിരിക്കും ടോൾ നിരക്ക് പ്രഖ്യാപിക്കുക എന്നാണ് ലഭ്യമായ വിവരം.

ഇന്ന് ഉച്ചയോടെയാണ് അതിവേഗ പാത പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കർണാടകയിൽ രണ്ടുമാസത്തിനിടെ ഏഴുതവണയാണ് പ്രധാനമന്ത്രി എത്തുന്നത്.തുടർ ഭരണം ലക്ഷ്യമിട്ട് റോഡ് ഉദ്ഘാടനത്തിനൊപ്പം സംസ്ഥാനത്തിനായി മറ്റുചില വമ്പൻ പ്രഖ്യാപനങ്ങളുമുണ്ടാവും എന്നാണ് കരുതുന്നത്.