ആകാശപാത: വഞ്ചി തിരുനക്കര തന്നെ

Monday 13 March 2023 12:11 AM IST

ഏഴുവർഷമായിട്ടും പൂർത്തിയാകാതെ തുരുമ്പിച്ച കമ്പികളുമായി കോട്ടയം നഗരമദ്ധ്യത്തിൽ എട്ടുകാലി വല പോലെ നിൽക്കുന്ന ആകാശ പാതയുടെ ഇപ്പോഴത്തെ ഉറപ്പ് പരിശോധിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നുള്ള ഹൈക്കോടതി നിർദ്ദേശം കേട്ട് ഒന്നുകിൽ പൂർത്തിയാക്കുക അല്ലെങ്കിൽ പൊളിച്ചു കളഞ്ഞ് ഈ നാണക്കേട് ഒഴിവാക്കാക്കാൻ നിർദ്ദേശിക്കണമെന്ന് ഹൈക്കോടതിയോട് പറയുകയാണ് ചുറ്റുവട്ടത്തുള്ളവർ. മുൻപ് ഹൈക്കോടതി ആകാശപാത കേസ് പരിഗണിച്ചപ്പോൾ ആവശ്യമില്ലെങ്കിൽ പൊളിച്ചു കളഞ്ഞു കൂടേയെന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നു. പണി അടിയന്തിരമായി പൂർത്തീകരിക്കുമെന്ന റിപ്പോർട്ടാണ് സർക്കാർ ഇതിന് മറുപടിയായി നൽകിയത്.

എം എൽ എ ഫണ്ട് അനുവദിച്ചിട്ടും ബന്ധപ്പെട്ടവർ പണി പൂർത്തിയാക്കാൻ താത്പര്യം കാട്ടുന്നില്ലെന്ന പരാതിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ കേസിൽ കക്ഷി ചേർന്നിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി അടിയന്തര റിപ്പോർട്ട് നല്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. നിർമ്മാണ ഏജൻസിയായ കിറ്റ്കോയ്ക്ക് വേണ്ടി തൃശൂർ എൻജിനിയറിംഗ് കോളജിന്റെ നേതൃത്വത്തിൽ പഠനം നടത്തി. തൂണുകൾക്കും കമ്പികൾക്കും ബലക്ഷയമില്ലെന്നും സുരക്ഷിതമാണെന്നും കണ്ടെത്തിയതായി കളക്ടർ പി കെ ജയശ്രീ കോടതിയെ അറിയിച്ചതോടെ ആകാശപാത ഉടൻ യാഥാർത്ഥ്യാമാകുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും വഞ്ചി തിരുനക്കരെ തന്നെ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ.

പാലക്കാട് ഐ ഐ ടി മൂന്നു മാസത്തിനുള്ളിൽ ഉറപ്പു പരിശോധിക്കണമെന്നാണ് ഹൈക്കോടതി ഇപ്പോൾ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിലെങ്കിലും കോടതി ഒരു തീരുമാനത്തിലെത്തണം. രാഷ്ട്രീയ പോരിന്റെ പേരിൽ ഏഴു വർഷമായി നിലച്ചു പോയ 'തുരുമ്പിച്ച കമ്പികളിൽ ജീവിക്കുന്ന രക്തസാക്ഷി ' എന്നു വിശേഷിപ്പിക്കാവുന്ന ഇത്തരമൊരു പദ്ധതി കേരളത്തിൽ മറ്റൊരിടത്തും ഉണ്ടാകാനിടയില്ല. ആകാശപാതയ്ക്ക് ഇതുവരെ രണ്ടു കോടിയോളം രൂപയാണ് ചെലവാക്കിയത്. ബാക്കി ഫണ്ട് നൽകാതെ ഇട്ടുതല്ലിയ പദ്ധതിയ്ക്ക് റോഡ് സേഫ്റ്റി അതോറ്റിയുടെ ഫണ്ട് വിനിയോഗിക്കണമെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നത്. പദ്ധതി തുടങ്ങുമ്പോൾ ആകെ ചെലവ് 5.18 കോടി രൂപയാണ് കണക്കാക്കിയരുന്നത്. എഴു വർഷം കഴിഞ്ഞപ്പോൾ നിർമ്മാണ സാമഗ്രികളുടെ വില ഇരട്ടിയിലേറെയായി. ഇനിയും പണി നീട്ടിക്കൊണ്ടു പോയി നാട്ടുകാരുടെ നികുതിപ്പണം ഇങ്ങനെ മുടിപ്പിക്കരുതെന്നാണ് ചുറ്റുവട്ടത്തിന് ബന്ധപ്പെട്ടവരെ ഓർമ്മിപ്പിക്കാനുള്ളത്.