തീക്കനൽ വെയിലിൽ ഞങ്ങൾ വാടിത്തളരുന്നു.

Monday 13 March 2023 12:19 AM IST

കോട്ടയം . ചുട്ടുപൊള്ളുന്ന ചൂടത്ത് തുറസ്സായ സ്ഥലത്തുള്ള ജോലിയ്ക്ക് സമയ ക്രമം നിശ്ചയിച്ചെങ്കിലും ജില്ലയിൽ നടപ്പാകുന്നില്ല. തൊഴിൽ വകുപ്പിന്റെ പരിശോധനയും കാര്യക്ഷമമല്ല. വെയിലത്ത് കുഴഞ്ഞ് വീഴുന്നവരുടേയും എണ്ണം കൂടുകയാണ്. സൂര്യാഘാത സാദ്ധ്യത മുന്നിൽക്കണ്ടാണ് രാവിലെ 11 മുതൽ 3 വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കി വിശ്രമ സമയമാക്കി തൊഴിൽ സമയം ക്രമീകരിച്ചത്. എന്നാൽ ചന്തയിലും കൺസ്ട്രക്ഷൻ സൈറ്റുകളിലും റെയിൽവേപ്പാളത്തിലെ ജോലി ചെയ്യുന്ന തൊഴിലാളികൾക്കിടയിലുമൊന്നും നിർദ്ദേശം പാലിക്കപ്പെടുന്നില്ല. റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിൽ ജോലി ചെയ്യുന്നവർക്ക് കരാറുകാരൻ ഇളവ് അനുവദിക്കുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ജില്ലയിലെ കൺസ്ട്രക്ഷൻ സൈറ്റുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും കാര്യക്ഷമമല്ല. പരിശോധനാ സമയത്ത് ആളുകളെ മാറ്റുകയാണ് പതിവ്. അന്യസംസ്ഥാനക്കാരാണ് തൊഴിലാളികളിൽ അധികവും. അതുകൊണ്ട് തന്നെ എത്ര വെയിലത്തും ജോലി ചെയ്യാൻ ഇവർ തയ്യാറാണെന്ന ന്യായമാണ് തൊഴിലുടമകൾ നിരത്തുന്നത്. കോട്ടയം ചന്തയിലും ലോഡ് ഇറക്കുന്നത് പൊരി വെയിലത്താണ്.

ഉരുകിയൊലിച്ച് പൊലീസുകാർ

ട്രാഫിക് നിയന്ത്രണത്തിന് നിയോഗിക്കപ്പെട്ട ഹോം ഗാ‌ർഡുകളുടയും പൊലീസുകാരുടെ കാര്യമാണ് കഷ്ടം. വെയിലേറ്റ് കൈയുടെ ഭാഗം കരിപോലെ കറുത്തു. അതേസമയം ഗതാഗത നിയന്ത്രണം വെല്ലുവിളിയാകുമെന്നതിനാൽ ട്രാഫിക് പൊലീസ് വിഭാഗങ്ങൾക്ക് രേഖാമൂലം ഇത്തരം നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല. ഹോട്ടലുകൾക്ക് മുന്നിലെ സെക്യൂരിറ്റിമാർ,​ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഗ്രൗണ്ടിലെ ജീവനക്കാർ തുടങ്ങിയവരും ചൂടിൽ വലയുകയാണ്.

ആരോഗ്യ വകുപ്പ് പറയുന്നു.

വെയിലിൽ നടത്തവും ജോലിയും ഒഴിവാക്കണം

തൊഴിലിടങ്ങളിൽ ശുദ്ധജലം ഉറപ്പാക്കണം

ക്ഷീണമുള്ളപ്പോൾ വിശ്രമം അനുവദിക്കണം

യാത്രയിൽ ശുദ്ധജലവും കുടയും കരുതണം

രോഗികളും മുതിർന്നവരും കുട്ടികളും ശ്രദ്ധിക്കണം

തൊഴിലാളിയായ രാജീവിന്റെ വാക്കുകൾ

സൂര്യാഘാതമുണ്ടാകുമ്പോൾ സഹതപിക്കുന്നതിന് പകരം അതുണ്ടാകാതിരിക്കാനുള്ള സാഹചര്യം എല്ലാ തൊഴിലുടമകളും ജീവനക്കാർക്ക് ഒരുക്കിക്കൊടുക്കണം. മാനുഷിക സമീപനം സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം.

Advertisement
Advertisement