ചുട്ടുപൊള്ളുന്ന ചൂടിൽ ആശ്വാസമായി കാവാലിപ്പുഴ ബീച്ച്.

Monday 13 March 2023 12:36 AM IST

കോട്ടയം . വെന്തുരുകുന്ന ചൂടിൽ നിന്ന് അല്പം ആശ്വാസം തേടി കിടങ്ങൂർ കാവാലിപ്പുഴ മിനി ബീച്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മണൽപ്പരപ്പും പ്രകൃതി സൗന്ദര്യവും ഒരുപോലെ ആസ്വദിക്കാൻ സായാഹ്നങ്ങളിലും ഒഴിവ് ദിനങ്ങളിലുമാണ് സഞ്ചാരികളുടെ തിരക്ക്. ചൂടിന് കാഠിന്യമേറിയതോടെ വെള്ളത്തിൽ ഇറങ്ങാനും കുളിക്കാനുമാണ് കൂടുതൽപ്പേർക്കും ഇഷ്ടം. സ്വദേശീയർ മാത്രമല്ല, വിദേശീയരും എത്തുന്നുണ്ട്. സന്ദർശകർക്കായി മുളകൊണ്ടും തെങ്ങുംതടികൊണ്ടുള്ള ഇരിപ്പിടങ്ങൾ, ഊഞ്ഞാലാട്ടം, വള്ളം സവാരി എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ചെറുകടികളും നാലുമണിപലഹാരങ്ങളും ലഭിക്കുന്ന ചെറിയ കടകളും മുഖ്യാകർഷണമാണ്. കടൽ ബീച്ചിനു സമാനമായി മണൽ നിറഞ്ഞ ഭാഗത്ത് കൊച്ചു കുട്ടികളെ നീന്തൽ പഠിപ്പിക്കാനും നീന്തുന്നതിനും സൗകര്യമുണ്ട്. തണൽ വിരിച്ച മുളക്കൂട്ടവും ഇല്ലിക്കൂട്ടവും പ്രധാന ആകർഷണമാണ്. സായാഹ്നങ്ങളിൽ സംഗീത പരിപാടികൾ അടക്കം ക്രമീകരിച്ചിട്ടുണ്ട്.

ഒഴുകിയെത്തിയ പഞ്ചസാര മണൽത്തിട്ട

2018 ൽ മീനച്ചിലാർ കരകവിഞ്ഞപ്പോഴാണ് ഒഴുകിയെത്തിയ പഞ്ചസാര മണൽത്തിട്ട പ്രകൃതി സംരക്ഷകനും ഫോട്ടോഗ്രാഫറുമായ മേശ് കിടങ്ങൂരിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കടന്നിരിക്കാം നമുക്കീ കാവാലിപ്പുഴകടവിൽ എന്ന പദ്ധതിയിലൂടെ മാലിന്യവും പ്ലാസ്റ്റിക്കും അടിഞ്ഞുകൂടിയ പ്രദേശം വൃത്തിയാക്കി എടുത്ത് പഞ്ചസാര മണൽതിട്ട മിനി ബീച്ചാക്കി മാറ്റി. അരഏക്കറിലാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്.

എത്തിച്ചേരാനുള്ള വഴി

കിടങ്ങൂർ പാലാ റോഡിൽ കിടങ്ങൂർ ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ വലത്തോട്ട് തിരിഞ്ഞാൽ കാവാലിക്കടവിലെത്താം. കിടങ്ങൂർ അമ്പലത്തിനു സമീപത്തു നിന്നും ചെമ്പിളാവ് റൂട്ടിൽ ഉത്തമേശ്വരം അമ്പലം കഴിഞ്ഞ് ഇടത്തോട്ട് തിരിഞ്ഞാൽ കടവിലെത്തിച്ചേരാം.

Advertisement
Advertisement