തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ

Sunday 12 March 2023 6:43 PM IST

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി ച‌ന്ദ്രശേഖർ റാവുവിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹൈദരാബാദിലെ എഐജി ആശുപ്രതിയിലാണ് പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ വയറ്റിൽ ചെറിയ അൾസർബാധയുള്ളതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഇതിനായുള്ള ചികിത്സ തുടരുകയാണെന്നും നിലവിൽ ആരോഗ്യനിലയിൽ മറ്റു പ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

അതേസമയം ഡൽഹി മദ്യനയക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും, നിയമസഭാ കൗൺസിൽ അംഗവുമായ കെ. കവിതയെ ഇ.ഡി ഇന്നലെചോദ്യം ചെയ്തിരുന്നു.ചോദ്യം ചെയ്യലിന് ശേഷം കവിതയെ അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിന് വിപരീതമായി ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു. മാർച്ച് 16-ന് വീണ്ടും ഹാജരാകാൻ ഇ ഡി നിർദേശിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി ഒൻപതാം തീയതി ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചില അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ മാറ്റിവയ്ക്കണമെന്ന് കവിത ഇ ഡിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരമാണ് ചോദ്യം ചെയ്യൽ മാർച്ച് 11-ലേയ്ക്ക് മാറ്റിയത്. ഇ.ഡി നടപടിയുടെ പശ്ചാത്തലത്തിൽ തെലങ്കാനയിലെ മന്ത്രിമാർ കവിതയുടെ വസതിയിൽ എത്തിയിരുന്നു. അതേസമയം കവിതയെ ശനിയാഴ്ച തന്നെ അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് ചന്ദ്രശേഖർ റാവു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഇതേ കേസിൽ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് ശേഷമായിരുന്നു മുൻ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന ആംആദ്മി നേതാവ് മനീഷ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്. കേസിൽ ഭാരത് രാഷ്ട്ര സമിതി (ബി ആർ എസ്) നേതാവായ കവിതയെ കഴിഞ്ഞ ഡിസംബർ 12-ന് സി ബി ഐ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കലടക്കമുള്ള കുറ്റം ചുമത്തി ഇ ഡി നേരത്തെ അറസ്റ്റ് ചെയ്‌ത മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ള കവിതയുടെ ബിസിനസ് പങ്കാളിയാണ്. മനീഷ് സിസോദിയയാണ് കേസിലെ ഒന്നാം പ്രതി. നിലവിൽ സിസോദിയ ഇഡിയുടെ കസ്റ്റഡിയിലാണ്.

Advertisement
Advertisement