അപ്പുക്കുട്ടനും ദമയന്തിയും വീണ്ടും കണ്ടുമുട്ടി

Monday 13 March 2023 2:53 AM IST

നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ജഗതി ശ്രീകുമാറും ഉർവശിയും. അപകടത്തെ തുടർന്ന് സിനിമാ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത ജഗതി ശ്രീകുമാർ കുറേ നാളുകൾക്ക് ശേഷം ഉർവശിയുമായി വേദി പങ്കിട്ടു.ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയായ ലുലുമാളിൽ വച്ചാണ് ഇരുവരുടെയും കണ്ടുമുട്ടൽ. ജോയ് മൂവീസിന്റെ ബാനറിൽ നവാഗതനായ ലളിത സുഭാഷ് സുബ്രഹ്മണ്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചാൾസ് എന്റർപ്രൈസസിൽ ഉർവശിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തങ്കമയില് തങ്കമയില്.. എന്ന് തുടങ്ങുന്ന ആദ്യ ഗാനം ജോയ് മ്യൂസിക് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തി. സുബ്രഹ്മണ്യൻ കെ.വിയുടെ സംഗീതത്തിൽ നാചി എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് മോഹനൻ ചിറ്റൂരാണ്.തമിഴും മലയാളവും കലർന്ന രീതിയിലാണ് ഗാനത്തിന്റെ വരികൾ . ബാലു വർഗീസ്, ഗുരു സോമസുന്ദരം, കലൈയരസൻ, അഭിജ ശിവകല, സുജിത് ശങ്കർ, അൻസൽ പള്ളുരുത്തി, സുധീർ പറവൂർ, മണികണ്ഠൻ ആചാരി, മാസ്റ്റർ വസിഷ്ഠ്, ഭാനുപ്രിയ, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാൽ എന്നിവരാണ് മറ്റ് താരങ്ങൾ. ഡോ. അജിത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - സ്വരൂപ് ഫിലിപ്പ്,ഏപ്രിൽ എട്ടിന് ചിത്രം പ്രദർശനത്തിനെത്തും.പി. ആർ. ഒ വൈശാഖ് സി. വടക്കേവീട്.