ഊരൂട്ടുകാല- കൊന്നമൂട് റോഡ് യാത്രയിലൂടെ നടുവൊടിഞ്ഞ് ‌ജനം

Monday 13 March 2023 1:15 AM IST

നെയ്യാറ്റിൻകര: കരമന-കളിയിക്കവിള ദേശീയപാതയിൽ മൂന്ന്കല്ലിൻമൂടിന് സമീപം ഊരൂട്ടുകാല മുതൽ കൊന്നമൂട് വരെയുള്ള ഒന്നരക്കിലോമീറ്റർ റോഡിലൂടെയുള്ള യാത്രയിൽ നടുവൊടിഞ്ഞ് പൊതുജനം. ടാറെല്ലാം പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ട അപകടാവസ്ഥയിലാണ് കഴിഞ്ഞ ഒന്നരവർഷത്തോളമായി ഈ റോഡ്. റോഡ് സഞ്ചാരയോഗ്യമാക്കാനും അധികൃതർക്ക് വിമുഖത കാട്ടുകയാണ്. സ്കൂളുകളടക്കം സ്ഥിതിചെയ്യുന്ന ഇവിടെ അടുത്ത അദ്ധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായെങ്കിലും ശരിയാക്കണമെന്ന ആവശ്യമായി രംഗത്തെത്തിയിരിക്കുകയാണ് പ്രദേശവാസികളും രക്ഷാകർത്താക്കളും.

നഗരസഭയിലെ ടൗൺ, ബ്രഹ്മംകോട്, ഊരൂട്ടുകാല വാർഡും അതിയന്നൂ‌ർ പഞ്ചായത്തിലെ ഊരൂട്ടുകാല വാർഡും ചേർന്നതാണ് നെയ്യാറ്റിൻകര-തിരുവനന്തപുരം ദേശീയപാതയിൽ നിന്നും തിരിയുന്ന മൂന്ന്കല്ലിൻമൂട്-ഊരൂട്ടുകാല കൊന്നമൂട് റോഡ്. ഊരൂട്ടുകാല ഗവ. എം.ടി.എച്ച്.എസ്, ഊരൂട്ടുകാല ടി.ടി.ഐ, നെയ്യാറ്റിൻകര ബി.ആർ.സി, ഡോ. ജി.ആർ പബ്ലിക് സ്കൂൾ, നെയ്യാറ്റിൻകരയിലെ ഡ്രൈവിംഗ് സ്കൂൾ പരിശീലന കേന്ദ്രം, ഊരൂട്ടുകാല ഭദ്രകാളി ദേവീക്ഷേത്രം, പാൽ സൊസൈറ്റി എന്നീ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡിലാണ് ഇപ്പോൾ കാൽനടയാത്ര പോലും ദുഃസഹമായിട്ടുള്ളത്.

2 സ്കൂളിലേക്ക് വരുന്ന ചെറിയകുട്ടികളടക്കം 1000ത്തിലേറെ പേരാണ് ദിനംപ്രതി ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. റോഡിന്റെ വീതിക്കുറവും വാഹനങ്ങളുടെ തിരക്കും ഇതുവഴിയുളള യാത്ര അപകടഭീഷണിയിലാക്കുന്നുണ്ട്. പ്രദേശവാസികളുടെയും സ്കൂളധികൃതരുടെയും പരാതിയിൽ മാസങ്ങൾക്ക് മുമ്പ് മെറ്റലും സിമന്റ് നിറച്ച് റോഡിന്റെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങൾ നികത്തിയെങ്കിലും വീണ്ടും ശോചനീയാവസ്ഥ ഇരട്ടിക്കുകയായിരുന്നു. മൂന്ന്കല്ലിൻമൂട് മുതൽ ജി.ആ‌ർ‌ പബ്ലിക് സ്കൂൾ വരെയുള്ള ഭാഗം നഗരസഭാപരിധിയിലും തുട‌‌ർന്ന് ക്ഷേത്രം മുതലുള്ള കൊന്നമൂട് കൊടങ്ങാവിള റോഡ് അതിയന്നൂ‌ർ പഞ്ചായത്ത് പരിധിയിലുമാണുളളത്.

കാൽനടയാത്ര പോലും ദുഃസഹം

4വർഷം മുമ്പ് എം.എൽ.എ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ മുടക്കി നവീകരണം പൂർത്തിയാക്കിയ റോഡാണ് ഇപ്പോൾ കാൽനടയാത്ര പോലും ദുഃസഹമായ അവസ്ഥയിലായിട്ടുളളത്.

റോഡിന്റെ പല ഭാഗങ്ങളിലും വൻകുഴികൾ കാരണം ഒരു വശത്തൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഡോ.ജി.ആർ സ്കൂളിനോട് ചേർന്നുളള റോഡിൽ വൻകുഴിയാണുള്ളത്. പലപ്പോഴും കൊച്ചുകുട്ടികളടക്കം ഇരുചക്ര വാഹനങ്ങളിലെത്തുന്നവർ ഈ കുഴികളിൽ തെന്നിവീണ് പരിക്ക് പറ്റിയ സംഭവങ്ങളും നിരവധിയാണ്. മുമ്പ് റോഡ് നിർമ്മാണ വേളയിൽ ഇരുവശവും ഓടനി‌ർമ്മിച്ചും വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളിൽ പ്രതലം ഉയ‌ർത്തിയുമായിരുന്നു റോഡ് നവീകരണം. പിന്നീട് റോഡിന്റെ പലഭാഗവും കുണ്ടും കുഴിയുമായതോടെ ഗതാഗതവും ദുർഘടമായി.വലിയ വാഹനങ്ങളുടെ ഇടതടവില്ലാതെയുള്ള യാത്രയാണ് റോഡ് പെട്ടന്ന് തകരാനിടയാക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

രക്ഷിതാക്കാളും ആശങ്കയിൽ

റോഡിന്റെ ശോച്യാവസ്ഥയിൽ ആശങ്കയിലാണ് രക്ഷിതാക്കാളും. ജൂണിൽ സ്കൂളുകൾ തുറക്കുന്നതോടെ വാഹനപെരുപ്പവും യാത്രാദുരിതവും കൂടും. ഇത് ചെറിയകുട്ടികളടക്കമുളളവരുടെ യാത്ര ബുദ്ധിമുട്ടിലാക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും. റോഡ് പഞ്ചായത്തിന്റെയും നഗരസഭയുടെയും അധീനതയിൽ വരുന്നതിനാൽ ഇരുകൂട്ടരുടെയും സഹകരണത്തോടെ റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.