ബി.എസ്.എൻ.എൽ തട്ടിപ്പ്; ഗോപിനാഥിനെ കസ്റ്റഡിയിൽ വാങ്ങും

Monday 13 March 2023 6:24 AM IST

തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനിയേഴ്സ് സഹകരണസംഘം തട്ടിപ്പിൽ അറസ്റ്റിലായ പ്രധാന പ്രതിയും സംഘം മുൻ പ്രസിഡന്റുമായ ഗൗരീശപട്ടം സ്വദേശി എ.ആർ.ഗോപിനാഥനെ (73) കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ അപേക്ഷ നൽകി. നിക്ഷേപ തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് വാങ്ങിയ വസ്തുവകകൾ കണ്ടെത്തുന്നതിനും തട്ടിപ്പിന്റെ ആസൂത്രണവും രീതിയുമുൾപ്പെടെയുളള കാര്യങ്ങൾ ചോദിച്ചറിയാനുമാണ് ഒരാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഗോപിനാഥനെ വിശദമായി ചോദ്യംചെയ്യുന്നതോടെ തട്ടിയെടുത്ത പണം എവിടെയൊക്കെ നിക്ഷേപിച്ചുവെന്നു കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. കേസിൽ ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതി എ.ആർ. രാജീവിനെ പിടികൂടാനുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് ശക്തമാക്കിയിട്ടുണ്ട്. സംഘം സെക്രട്ടറിയും ബി.എസ്.എൻ.എൽ മുൻ പോസ്റ്റ് ഡിവിഷണൽ എൻജിനിയറുമായ വെള്ളായണി ഊക്കോട് വിവേകാനന്ദ നഗർ ഗുരുപ്രഭയിൽ കെ.വി.പ്രദീപ് ഈ കേസിൽ റിമാൻഡിലാണ്.1255 നിക്ഷേപകരുടെ 44.15 കോടി തിരിമറി നടത്തിയെന്നാണ് കേസ്. നിക്ഷേപ തട്ടിപ്പിലൂടെ സമാഹരിച്ച പണം ഗോപിനാഥ് തന്റെ സഹപ്രവർത്തകനും ഭാര്യയും ചേർന്ന് നടത്തുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും റിയൽ എസ്റ്റേറ്റ് രംഗത്തും നിക്ഷേപിച്ചതായാണ് വിവരം. റിയൽ എസ്റ്റേറ്റ് രംഗത്താണ് കോടികളുടെ നിക്ഷേപം നടത്തിയിരിക്കുന്നത്. കേരളത്തിന് പുറത്തും വൻതോതിൽ നിക്ഷേപമുള്ളതായാണ് വിവരം. ഗോപിനാഥിൽ നിന്ന് സ്വത്തുക്കളുടെ വിവരങ്ങൾ മനസിലാക്കിയശേഷം അവ കോടതി സഹായത്തോടെ കണ്ടുകെട്ടാനുള്ള നടപടികൾ സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. തട്ടിപ്പിന് ശേഷം ഒളിവിൽ കഴിഞ്ഞ ഗോപിനാഥിനെ ദിവസങ്ങൾക്ക് മുമ്പ് കൊട്ടാരക്കരയിലെ ലോഡ്ജിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്.

Advertisement
Advertisement