അതിജീവിതകൾക്ക് ആത്മവിശ്വാസം ഒരുങ്ങുന്നു 'കൂട്ട് 'കണ്ണൂരിലും

Monday 13 March 2023 12:11 AM IST
'കൂട്ട് '

കണ്ണൂർ: പോക്സോ കേസിലും മറ്റും ഇരയായ അതിജീവിതകൾക്ക് ആത്മവിശ്വാസവും മനക്കരുത്തും പകരാൻ പൊലീസിന്റെ 'കൂട്ട്' ഒരുങ്ങുന്നു. പോക്സോ കേസുകളും മറ്റും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ കൈത്താങ്ങ്.

കുട്ടികൾ നേരിട്ട ലൈംഗിക അതിക്രമത്തിൽനിന്ന് അതിജീവിക്കാനും വിചാരണ സമയം ആത്മധൈര്യത്തോടെ നേരിടാനുമാണ് പുതിയ പദ്ധതിയുമായി പൊലീസ് ഇറങ്ങുന്നത്. സൈബർ കുറ്റകൃത്യങ്ങളെയും മറ്റു ലൈംഗിക ചൂഷണങ്ങളെയും അതിജീവിച്ച കുട്ടികൾക്ക് കൈത്താങ്ങായിരിക്കും 'കൂട്ട്'. സംസ്ഥാനതലത്തിൽ തുടങ്ങുന്ന കൂട്ടിന്റെ ഒരു വിഭാഗം കണ്ണൂരിലും ഉടൻ പ്രവർത്തനം തുടങ്ങും.

കേരള പൊലീസിന്റെ സൈബർ ഡോം, ബച്ച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുമായി ചേർന്നാണ് ലൈംഗിക ചൂഷണത്തിന് വിധേയരായ കുട്ടികൾക്ക് വേണ്ടി പദ്ധതി ആരംഭിച്ചിരിക്കുന്നത്. സൗജന്യമായി നടപ്പാക്കുന്ന ഈ പദ്ധതിയിൽ പരിശീലനം ലഭിച്ച മാനസികാരോഗ്യ വിദഗ്ദ്ധരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സേവനം അതിജീവിതർക്ക് ലഭ്യമാകും.

കോടതികൾ അനുവദിച്ചിട്ടും

സംസ്ഥാനത്ത് പോക്‌സോ കേസുകൾ വർദ്ധിക്കുന്ന സാഹചര്യമാണ്. എന്നാൽ വിചാരണ പൂർത്തിയാക്കാൻ വേണ്ടത്ര കോടതികളില്ലാത്തതും തിരിച്ചടിയാകുന്നുണ്ട്. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ചതിൽ 28 കോടതികൾ ഇനിയും തുടങ്ങിയില്ല. കോടതി പ്രവർത്തനങ്ങളുടെ 60 ശതമാനം ചെലവ് കേന്ദ്രവും 40 ശതമാനം ചെലവ് സംസ്ഥാനവും വഹിക്കണം. ഈ പാക്കേജിൽ കേരളത്തിന് 56 കോടതികളാണ് രണ്ടു വർഷം മുമ്പ് അനുവദിച്ചത്. ഇതിൽ 28 കോടതികൾ മാത്രമാണ് പ്രവർത്തനം തുടങ്ങിയത്. ഇതിൽ 14 കോടതികൾ പോക്‌സോ കേസുകൾ മാത്രം പരിഗണിക്കുന്നവയാണ്.

രാജ്യത്ത് സ്ത്രീപീഡന പോക്‌സോ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടും സമയബന്ധിതമായി വിചാരണ നടപടികൾ പൂർത്തിയാകാത്തതിനാലാണ് കേന്ദ്രസർക്കാർ രണ്ടു വർഷത്തേക്ക് താത്കാലിക കോടതികൾ അനുവദിച്ചത്.

പ്രവർത്തനം ഇങ്ങനെ

ലൈംഗിക അതിക്രമത്തിന് വിധേയമായ കുട്ടികൾക്ക് പ്രീ ട്രയൽ കൗൺസിലിംഗ്

കുട്ടികൾക്കും കുടുംബത്തിനും ആവശ്യമായ മാനസികവും സാമൂഹികവുമായ പിന്തുണ

കുട്ടിയുടെ പഠന പുരോഗതിയും സാമൂഹിക പുനരധിവാസവും ഉറപ്പുവരുത്തും

സർക്കാരിൽനിന്നുള്ള പലവിധ സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കും