റോഡ് പണിക്കാരി സതി ഇപ്പോ; ടാറിംഗിന്റെ കോൺട്രാക്ടറാ

Monday 13 March 2023 12:12 AM IST

കൂത്തുപറമ്പ്: കത്തുന്ന ചൂടിനും തിളയ്ക്കുന്ന ടാറിനുമിടയിൽ ഉരുകാതെ 30 വർഷത്തോളമായി റോഡ് ടാറിംഗ് പണിയിലാണ് ഈ വീട്ടമ്മ. കഞ്ഞിവെപ്പുകാരിയായി റോഡിലിറങ്ങിയ ഇവർ ഇപ്പോൾ പി.ഡബ്ല്യു.ഡി ലൈസൻസി ഉള്ള കോൺട്രാക്ടർ കൂടിയാണ്. കൂത്തുപറമ്പ് ആയിത്തറയിലെ സമിത് നിവാസിൽ സതി വണ്ടിച്ചാലാണ് പ്രതിസന്ധികളെ അതിജീവിച്ച് റോഡ് ടാറിംഗ് മേഖലയിൽ തിളങ്ങി നിൽക്കുന്നത്. ചൂടിൽവാടാതെ തന്റെ കർമ്മ മേഖലയിൽ വിജയഗാഥകൾ രചിക്കാനും ഇവർക്ക് കഴിഞ്ഞു.

ഭർത്താവ് ശശീന്ദ്രന് ഏറെക്കാലം ടാറിംഗ് ജോലിയായിരുന്നു, അങ്ങനെയാണ് പണിക്കാർക്ക് ഭക്ഷണം പാചകം ചെയ്യാനായി സതി ആദ്യമായി സൈറ്റിൽ എത്തിച്ചേരുന്നത്. അൻപതിലേറെ പേരായിരുന്നു അക്കാലത്ത് ജോലിക്ക് ഉണ്ടായിരുന്നത്. പിന്നീട് ടാറിംഗ് മേഖലയിലെ എല്ലാത്തരം ജോലികളിലും ഏർപ്പെടുകയായിരുന്നു. ഇതിനിടയിൽ പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരണപ്പെട്ടു. എന്നാൽ പഠിച്ച പണി ഉപേക്ഷിക്കാതെ ടാറിംഗ് മേഖലയിൽ തുടരുകയായിരുന്നു ഈ വീട്ടമ്മ. ഇതിനിടയിൽ ചെറിയ തോതിൽ കരാർ പ്രവർത്തികൾ ഏറ്റെടുത്ത് തുടങ്ങിയ സതി സ്വന്തം പ്രയത്നത്താൽ മങ്ങാത് കൺസ്ട്രക്ഷൻ എന്ന പേരിൽ സ്ഥാപനവും ഉയർത്തിക്കൊണ്ടുവന്നു. ഇപ്പോൾ 30ഓളം തൊഴിലാളികളാണ് സതിക്ക് കീഴിൽ ജോലി ചെയ്യുന്നത്.

ഇതര സംസ്ഥാനക്കാർ പണിക്കാരായി ഉള്ളതിനാൽ ഏതു ഭാഷയും മലയാളം പോലെ മധുരമായി സതി സംസാരിക്കും. കോട്ടയം പൊയിൽ മുതൽ നിടുംപൊയിൽ വരെ ഉള്ള മിക്ക റോഡുകളിലും മങ്ങാത് കൺസ്ട്രക്ഷൻസിന്റെ വിരലടയാളം പതിഞ്ഞിട്ടുണ്ട്. മകൻ സമിതാണ് ഓഫീസ് സംബന്ധമായ കാര്യങ്ങളും കണക്കുകളും കൈകാര്യം ചെയ്യുന്നത്. സൗമ്യ, രമ്യ എന്നിവരാണ് മറ്റുമക്കൾ.

നാട്ടുകാരും ഉദ്യോഗസ്ഥരും ഒരുപോലെ സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്. തന്റെ ഭർത്താവിന്റെ ആഗ്രഹമായിരുന്ന ഈ ജോലി ഉപേക്ഷിച്ച് പോകില്ല

സതി വണ്ടിച്ചാൽ