ഫ്ലാഷ് മോബ് ശ്രദ്ധേയമായി

Monday 13 March 2023 1:32 AM IST

ആറ്റിങ്ങൽ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഗവ.എച്ച്.എസ്.അവനവഞ്ചേരിയിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. സ്ത്രീകൾക്ക് തുല്യ അവകാശവും നീതിയും വേണമെന്നുറപ്പിക്കുന്ന നിരവധി കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.

ആസിഡ് ആക്രമണവും സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനവും പ്രമേയമായ 'ഇരകൾ’ എന്ന നാടകം സമകാല സ്ത്രീയവസ്ഥകളുടെ നേർക്കാഴ്ചയായിരുന്നു. കുട്ടികൾ തന്നെ രചന നിർവഹിച്ച ഈ നാടകം മുരുകൻ കാട്ടാക്കടയുടെ ' കനൽപൊട്ട് ' എന്ന കവിതയുടെ ദൃശ്യാവിഷ്കാരത്തിലാണ് അവസാനിക്കുന്നത്. സ്‌കൂൾ ടീൻസ് ക്ലബിന്റെയും വനിതാശിശുവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി അവനവഞ്ചേരി ജംഗ്ഷനിലാണ് അരങ്ങേറിയത്.

സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എൽ. പ്രഭൻ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, എസ്.എം എസി ചെയർമാൻ ശ്രീകുമാർ, സ്‌കൂൾ ടീൻസ് ക്ലബ് നോഡൽ ഓഫീസർ ശാരിക എസ്, സ്‌കൂൾ കൗൺസിലർ ആതിര, സ്റ്റാഫ് സെക്രട്ടറി സുജാ റാണി, കമ്മ്യൂണിറ്റി പൊലീസ് ഓഫീസറായ എൻ. സാബു മറ്റ് അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.