സഞ്ചാരികളുടെ ആരോഗ്യരക്ഷയ്ക്ക് ആറളം'വനശ്രീ'
പേരാവൂർ: വിനോദയാത്രയ്ക്കും പഠന ക്യാമ്പിനുമൊക്കെയായി ആറളം വന്യജീവി സങ്കേതത്തിലെത്തുന്നവർക്ക് വേറിട്ട ഒരു അനുഭവമാണ് വന്യജീവി സങ്കേതത്തിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ച വനശ്രീ ഇക്കോ ഷോപ്പ്. കേരളത്തിലെ വനമേഖലകളിൽ നിന്നും ശേഖരിച്ചിട്ടുള്ള തടിയിതര വനോല്പന്നങ്ങളാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്.
ശുദ്ധമായ കാട്ടുതേൻ, കാട്ടിൽ നിന്നും ലഭിക്കുന്ന കുടംപുളി, യൂക്കാലി തൈലം, പുൽതൈലം, ഇഞ്ച, മറയൂർ ശർക്കര, ചന്ദനപ്പൊടി, ഏലം, തേൻ നെല്ലിക്ക, ഇഞ്ചിത്തേൻ എന്നിവ ലഭ്യമാണ്. വന്യജീവി സങ്കേതത്തിന്റെ മുദ്ര യുള്ള മനോഹരമായ തൊപ്പിയും ഇവിടെയെത്തുന്നവരുടെ ശ്രദ്ധകേന്ദ്രമാണ്. വനമേഖലയോട് ചേർന്നുകിടക്കുന്ന ആറളം പുനരധിവാസ മേഖലയിലെ ഒൻപതാം ബ്ലോക്കിലെ പട്ടികവർഗ കുടുംബങ്ങളുടെ ഉന്നമനം ലക്ഷമാക്കിയാണ് വനശ്രീയുടെ പ്രവർത്തനം.
നടത്തിപ്പിന് ഒമ്പത് പേരടങ്ങുന്ന ആറളം ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുമുണ്ട് (ഇ.ഡി.സി). കമ്മിറ്റിയുടെ പ്രസിഡന്റുകൂടിയായ പി.സി. മല്ലികയ്ക്കാണ് ഇക്കോ ഷോപ്പിന്റെ ചുമതല. പൊതുവായ കാര്യങ്ങൾ ശ്രദ്ധിക്കാൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസറും ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജൻസി കോഓർഡിനേറ്ററുമായ എസ്.സജീവ് കുമാറും ഒപ്പമുണ്ട്.
ഒരാൾക്ക് പ്രത്യക്ഷത്തിലും വനവിഭവങ്ങൾ ശേഖരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതിലൂടെ നിരവധി പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്നു എന്നതാണ് സംരംഭത്തിന്റെ പ്രത്യേകത. കൂടാതെ വനത്തിൽ നിന്നും ശേഖരിക്കുന്ന വിഭവങ്ങൾ വിദഗ്ദ്ധരായ പ്രൊഫസർമാരുടെ മേൽനോട്ടത്തിൽ ശാസ്ത്രീയമായി സംസ്‌കരിച്ചാണ് വില്പന നടത്തുന്നത്.
തുടക്കമെന്ന നിലയിൽ കേരളത്തിലെ മറ്റ് വനമേഖലകളിൽ നിന്ന് ശേഖരിച്ച ഉല്പന്നങ്ങളാണ് ആറളം വന്യജീവി സങ്കേതത്തിന്റെ വളയഞ്ചാൽ കവാടത്തിലുള്ള ഷോപ്പിൽ ലഭ്യമാകുന്നത്. വൈകാതെ ആറളത്തുനിന്നുള്ള ഉല്പന്നങ്ങൾ ഇവിടെ വില്പനയ്‌ക്കെത്തും.