ധനകാര്യ ബില്ലിന് മുൻഗണനയുമായി രണ്ടാം പാദ ബഡ്‌ജറ്റ് സമ്മേളനം ഇന്നുമുതൽ

Monday 13 March 2023 1:10 AM IST

ന്യൂഡൽഹി: ധനകാര്യ ബിൽ പാസാക്കുന്നതിന് മുൻഗണന നൽകിക്കൊണ്ടുള്ള രണ്ടാം പാദ ബഡ്ജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സഭ കൂടുന്നത്. ഏപ്രിൽ ആറുവരെ നീളുന്ന സമ്മേളനത്തിൽ അദാനി വിഷയവും സി.ബി.ഐ-ഇ.ഡി ഏജൻസികളുടെ ദുരുപയോഗവും ചർച്ചയാക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതിനാൽ സമ്മേളനകാലം പ്രക്ഷുബ്‌ധമാകാനാണ് സാദ്ധ്യത. ആസൂത്രണത്തിനായി പ്രതിപക്ഷ പാർട്ടികൾ ഇന്ന് രാവിലെ യോഗം ചേരും.

ധനകാര്യ ബിൽ പാസാക്കാനാണ് മുൻഗണന നൽകുന്നതെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന മറ്റ് വിഷയങ്ങൾ അതിനു ശേഷം ചർച്ച ചെയ്യാൻ തയ്യാറാണെന്നും പാർലമെന്ററി കാര്യ സഹമന്ത്രി അർജുൻറാം മേഘ്‌വാൾ പറഞ്ഞു. ഗ്രാന്റിനായുള്ള റെയിൽവേ, പഞ്ചായത്തിരാജ്, ടൂറിസം, സംസ്‌കാരം, ആരോഗ്യം തുടങ്ങിയ മന്ത്രാലയങ്ങളുടെ ആവശ്യങ്ങളിൽ ചർച്ചയുണ്ടാകും. പ്രതിപക്ഷം സഹകരിച്ചില്ലെങ്കിൽ ചർച്ചയില്ലാതെ വോട്ടിനിട്ട് പാസാക്കാനാകും സർക്കാർ ശ്രമം.

വിവിധ മന്ത്രാലയങ്ങൾക്കായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയ തുകകൾ വിവിധ പാർലമെന്ററി കമ്മിറ്റികളുടെ വിശകലനത്തിന് ശേഷമാണ് സഭയിലെത്തുക. ധനമന്ത്രി നിർമ്മല സീതാരാമൻ ഗ്രാന്റുകൾക്കായുള്ള സപ്ലിമെന്ററി ഡിമാൻഡുകൾ അവതരിപ്പിക്കും. കേന്ദ്രഭരണ പ്രദേശമായ ജമ്മുകാശ്‌മീർ ബഡ്‌ജറ്റും മന്ത്രി അവതരിപ്പിക്കും.

ജനുവരി 31ന് തുടങ്ങിയ ആദ്യ പാദത്തിൽ ബഡ്‌ജറ്റ് അവതരണത്തിന് ശേഷം അദാനി വിഷയമുയർത്തി പ്രതിപക്ഷം നടപടികൾ തടസപ്പെടുത്തിയിരുന്നു. അദാനി വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് ബി.ജെ.പി അംഗം നിഷികാന്ത് ദുബെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നൽകിയ പരാതി ലോക്‌സഭാ പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയിലാണ്. അടുത്ത ദിവസങ്ങളിൽ കമ്മിറ്റി രാഹുലിനെ വിളിപ്പിച്ചേക്കും. ജെബി മേത്തർ അടക്കമുള്ള അംഗങ്ങൾക്കെതിരെ രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ നൽകിയ നോട്ടീസിൽ നടപടിയുണ്ടായാൽ അതും പ്രതിപക്ഷത്തിന് ആയുധമാകും.

അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ സർക്കാർ ഉത്തരം നൽകുന്നതു വരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ഡൽഹി മദ്യനയക്കേസിൽ മനീഷ് സിസോദിയയെ അറസ്റ്റു ചെയ്‌തതും ബി.ആർ.എസ് നേതാവ് കെ.കവിതയെ ഇ.ഡി ചോദ്യം ചെയ്‌തതും സഭയിൽ സർക്കാർ-പ്രതിപക്ഷ പോരിന് വഴിയൊരുക്കും. പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് മോദി സർക്കാർ ജനാധിപത്യത്തെ ഹനിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചിരുന്നു.

പരിഗണനയിൽ 35 ബില്ലുകൾ

വ്യക്തിഗത വിവര സംരക്ഷണത്തിനുള്ള ഡാറ്റാ സംരക്ഷണ ബിൽ അടക്കമുള്ള സുപ്രധാന ബില്ലുകൾ സമ്മേള്ളനത്തിൽ വരും. ഡാറ്റാ സംരക്ഷണ ബിൽ ഉടൻ മന്ത്രിസഭ പാസാക്കിയേക്കും. അന്തർസംസ്ഥാന നദീജല തർക്ക ഭേദഗതി ബിൽ, ഡൽഹി വാടക ഭേദഗതി ബിൽ, ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് റിലേറ്റഡ് ലോസ് (ഭേദഗതി) ബിൽ, അന്യസംസ്ഥാന തൊഴിലാളികളുടെ തൊഴിൽ നിയന്ത്രണത്തിനും സേവന വ്യവസ്ഥകൾക്കുമുള്ള ബിൽ, മൈൻസ് (ഭേദഗതി) ബിൽ,

ട്രായ് (ഭേദഗതി) ബിൽ തുടങ്ങി 26 ബില്ലുകൾ രാജ്യസഭയിലുണ്ട്. ലോക്‌സഭയുടെ പരിഗണനയിലുള്ളത് ഒമ്പത് ബില്ലുകളാണ്. പാർലമെന്ററി സമിതിയുടെ പരിഗണനയിലുള്ള മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബിൽ, ജൈവ വൈവിദ്ധ്യ (ഭേദഗതി) ബിൽ എന്നിവ പരിഗണിച്ചേക്കും.

Advertisement
Advertisement