മെഡിക്കൽ കോളേജിൽ പ്രവേശനം തടഞ്ഞു; സുരക്ഷാജീവനക്കാരെ വെല്ലുവിളിച്ച് ആംബുലൻസ് ‌ഡ്രൈവർ

Monday 13 March 2023 7:10 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ വെല്ലുവിളിച്ച് ആംബുലൻസ് ഡ്രൈവർ. പാസ് ഇല്ലാതെ അകത്തുകടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ അരുൺദേവാണ് സുരക്ഷാ ജീവനക്കാരെ വെല്ലുവിളിച്ച് തട്ടിക്കയറിയത്. 'നിങ്ങൾ ഇവിടെ കിടന്ന് താളം അടിക്കണ്ട, പാർട്ടിക്കാരനെന്ന പവറിൽ ഞാൻ കയറും, അല്ലെങ്കിൽ സൂപ്രണ്ടിനെ വിളിക്കണോ, സസ്‌പെൻഷൻ കഴിഞ്ഞ് വന്നതല്ലേ ഉള്ളൂ. ഇവിടെ തന്നെ ഇരുത്തിതരാം" ഇതായിരുന്നു വാക്കുകൾ.

ഭീഷണി ദൃശൃങ്ങൾ ജീവനക്കാർ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിട്ടതോടെ സംഭവം വിവാദമായി. പഴയ കാഷ്വാലിറ്റി ഗേറ്റിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കവാടത്തിനു മുന്നിൽ നിന്ന് ബഹളം വച്ചത് ഡ്യൂട്ടി സർജന്റ് പ്രവീൺ ചോദ്യം ചെയ്‌തപ്പോൾ അരുൺ ദേവ് തട്ടിക്കയറുകയും ഭീഷണി മുഴക്കുകയുമായിരുന്നു. മെഡിക്കൽ കോളേജ് സ്വദേശിയും ആശുപത്രിയിലെ കൂട്ടിരിപ്പുകാരനെ മർദ്ദിച്ച കേസിലെ പ്രതിയുമാണ് അരുൺദേവ്.

ബഹളം വച്ചത് താനാണെന്നും നിങ്ങളുടെ അതേ പൊസിഷനിൽ ചേട്ടൻ മഹേഷ് ഇവിടെയുണ്ടെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. കൂട്ടിരിപ്പുകാരനെ മർദ്ദിച്ചത് താനല്ലേ എന്ന് പ്രവീൺ ചോദിച്ചപ്പോൾ ' അത് എന്റെ ചുണ" എന്നായിരുന്നു അരുൺദേവിന്റെ മറുപടി.