മാരകായുധങ്ങളുമായി വീടുകയറി ആക്രമണം; കൗൺസിലർമാർക്കടക്കം മർദ്ദനം, അക്രമത്തിൽ കലാശിച്ചത് വസ്തുതർക്കം
തിരുവല്ല: അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീടുകയറി ആക്രമണം നടത്തി. സംഭവം അറിഞ്ഞെത്തിയ നഗരസഭ കൗൺസിലർമാരെയും മുൻകൗൺസിലറെയും ഉൾപ്പടെ ആക്രമിച്ചു. സംഭവത്തിൽ മൂന്ന് യുവാക്കൾ പൊലീസിന്റെ പിടിയിലായി. തിരുവല്ല പെരിങ്ങോൾ വെങ്കടശേരി അഭിമന്യു (23), പെരിങ്ങോൾ വഞ്ചിപ്പാലത്തിങ്കൽ മേനാട്ടിൽ വീട്ടിൽ സോജൻ സി.ബാബു (23), പെരിങ്ങോൾ വലിയേടത്ത് വീട്ടിൽ ജോയൽ (23) എന്നിവരാണ് പിടിയിലായത്.
നഗരസഭാ ഓഫീസിലെ താത്കാലിക ജീവനക്കാരൻ പെരിങ്ങോൾ വെങ്കടശേരി പ്രദീപിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. അഴിയിടത്തുചിറ സംക്രമത്ത് വീട്ടിൽ രാജേഷ് കുമാർ, അഴിയിടത്തുചിറ തയ്യിൽ വീട്ടിൽ അജിത് കുമാർ, മുൻ വാർഡ് കൗൺസിലർ പാതിരപ്പള്ളി വീട്ടിൽ പി.എസ്.മനോഹരൻ, വാർഡ് കൗൺസിലർമാരായ ജി.വിമൽ, ശ്രീനിവാസ് പുറയാറ്റ് എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്.
വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം. പ്രദീപും സഹോദരി ജ്യോതിലക്ഷ്മിയും തമ്മിൽ വസ്തുവിന്റെ അതിരുതർക്കം നിലനിന്നിരുന്നു. ഈ കേസ് കഴിഞ്ഞദിവസം കോടതിയിൽ തീർപ്പായി. ഇതിന് പിന്നാലെ പ്രദീപ് ഇന്നലെ സ്വന്തം വസ്തു വേലികെട്ടിത്തിരിച്ചു. ഇതേതുടർന്നുണ്ടായ തർക്കമാണ് വീടുകയറിയുള്ള ആക്രമണത്തിൽ കലാശിച്ചത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മുൻ കൗൺസിലർ പി.എസ്.മനോഹരനെയും രാജേഷിനെയും അജിത്തിനെയും സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അക്രമണത്തിൽ രാജേഷിന്റെ ഇടതുകാൽ ഒടിഞ്ഞു. അജിത്തിന്റെ തലയ്ക്ക് സാരമായ പരിക്കേറ്റു. മനോഹരന്റെ മുഖത്താണ് പരിക്കേറ്റത്. തുടർന്നെത്തിയ ശ്രീനിവാസിനും വിമലിനും നേരേ അക്രമിസംഘം കല്ലേറ് നടത്തി. കാലിന് ഗുരുതര പരിക്കേറ്റ രാജേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ രണ്ട് പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.