വൻ സ്‌ഫോടനത്തിന്റെ മുറിവുണങ്ങാതെ മഹാനഗരം; മുംബയ് സ്ഫോടനത്തിന്റെ 30-ാം വാർഷികം

Monday 13 March 2023 1:35 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക സിരാകേന്ദ്രമായ മുംബയ് നഗരത്തിന് 1993 മാർച്ച് 12 കറുത്ത വെള്ളിയാഴ്ചയായിരുന്നു. പന്ത്രണ്ട് ഇടങ്ങളിൽ നടന്ന പന്ത്രണ്ട് സ്ഫോടനങ്ങളിൽ 257 പേർ കൊല്ലപ്പെടുകയും 1400 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടന പരമ്പരയുടെ നടുക്കുന്ന ഓർമ്മകൾ മൂന്ന് ദശകങ്ങൾക്കിപ്പുറവും മഹാനഗരത്തെ വിട്ടൊഴിയുന്നില്ല.

1992ലെ ബാബറി മസ്ജിദ് സംഭവത്തിന് പിന്നാലെ മുംബയിലും രാജ്യത്തിന്റെ വിവിധ ഇടങ്ങളിലുമുണ്ടായ കലാപങ്ങളുടെ തുടർച്ചയായിരുന്നു സ്ഫോടനങ്ങൾ. മാർച്ച് 12ന് ഉച്ചയ്ക്ക് 1:30 ന് 28 നിലകളുള്ള ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബി.എസ്&ഇ) കെട്ടിടത്തിന്റെ ബേസ്മെന്റിലായിരുന്നു ആദ്യ സ്ഫോടനം. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിൽ ഒളിപ്പിച്ച ബോംബ് പൊട്ടി 50 പേർ മരിച്ചപ്പോൾ ആരും കരുതിയില്ല അതൊരു സ്ഫോടന പരമ്പരയുടെ തുടക്കമാണെന്ന്. അരമണിക്കൂറിന് ശേഷം മാഹിം ക്രോസ് ‌വേയിലെ മത്സ്യത്തൊഴിലാളി കോളനി, സവേരി ബസാർ, ദാദർ പ്ലാസ സിനിമാ തിയേറ്റർ, സെഞ്ച്വറി ബസാർ, കഥാ ബസാർ, ഹോട്ടൽ സീ റോക്ക്,സഹാർ വിമാനത്താവളം, എയർ ഇന്ത്യാ ആസ്ഥാനം, ഹോട്ടൽ ജുഹു സെന്റോർ, വർളി, പാസ്‌പോർട്ട് ഓഫീസ് എന്നിവിടങ്ങളിൽ സ്‌ഫോടനങ്ങൾ. എങ്ങും തകർന്ന കെട്ടിടങ്ങളുടെയും ഛിന്നഭിന്നമായ, ചോരയിൽ കുളിച്ച മൃതശരീരങ്ങളും നിറഞ്ഞ നഗരമായി മുംബയ് മാറി.

അന്ന് വൈകിട്ട് എ.കെ. 47 തോക്കുകളും സ്‌ഫോടക വസ്‌തുക്കളുമായി മാരുതി വാൻ പൊലീസ് പിടിച്ചെടുത്തു. അതിനുള്ളിൽ നിന്ന് ലഭിച്ച പെട്രോൾ പമ്പിലെ ബില്ലാണ് പ്രതികളിലേക്ക് വെളിച്ചം വീശിയത്. മേമൻ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനമായിരുന്നു അത്. അങ്ങനെ അധോലോക നായകനായ മുഖ്യ സൂത്രധാരൻ ദാവൂദ് ഇബ്രാഹിന്റെ പങ്കും പുറത്തുവന്നു. അപ്പോഴേക്കും ദാവൂദും പ്രധാന പ്രതികളിലൊരാളുമായ ടൈഗർ മേമൻ എന്ന ഇബ്രാഹിം മുഷ്താഖ് അബ്ദുൾ റസാഖ് മേമനും രക്ഷപ്പെട്ടിരുന്നു.

ടൈഗർ മേമന്റെ സഹോദരൻ യാക്കൂബ് മേമൻ പിടിയിലാകുകയും 2015ൽ തൂക്കിലേറ്റപ്പെടുകയും ചെയ്തു. എന്നാൽ ദാവൂദും ടൈഗർ മേമനും ഇപ്പോഴും ഒളിവിലാണ്. ദാവൂദ് സംഘത്തിൽപ്പെട്ട പ്രതികളിലൊരാളായ അബു സലേമിനെ പോർച്ചുഗലിൽ നിന്ന് ഇന്ത്യയിലെത്തിച്ചു.

അധോലോകവും ബോളിവുഡും തമ്മിലുള്ള ബന്ധം തുറന്നുകാട്ടിയ സ്‌ഫോടനങ്ങൾക്ക് ശേഷം എ.കെ 47 തോക്ക് കൈവശം വച്ച കേസിൽ അറസ്റ്റിലായ നടൻ സഞ്ജയ് ദത്ത് ജയിൽ ശിക്ഷ അനുഭവിച്ചു. സി.ബി.ഐ അന്വേഷിച്ച കേസിൽ 193 പ്രതികളെ കസ്റ്റഡിയിലെടുത്തു. 140 പേരെ വിചാരണ ചെയ്തു.17 പേർ വിചാരണയ്ക്കിടെ മരിച്ചു. 100 ​​പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയപ്പോൾ 23 പേരെ വെറുതെവിട്ടു. 10,000ൽ കൂടുതൽ പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയത്.

ടാഡ കോടതി 12 പേർക്ക് വധശിക്ഷ വിധിച്ചെങ്കിലും ടൈഗർമേമൻ, യാക്കൂബ് മേമൻ എന്നിവരൊഴികെ 10 പേർക്ക് സുപ്രീം കോടതി ജീവപര്യന്തം ഇളവു നൽകി.

Advertisement
Advertisement