നടത്തറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് തുറന്നു

Monday 13 March 2023 12:22 AM IST

നടത്തറ: തൃശൂർ ഈസ്റ്റ് ഇലക്ട്രിക്കൽ ഡിവിഷന് കീഴിലുള്ള നടത്തറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖല സ്വകാര്യവത്കരണ പാതയിലേക്ക് മാറുന്നത് മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഉയർന്ന ചൂടിൽ വീടുകളിലും കെട്ടിടങ്ങളിലും ഷോർട്ട് സർക്യൂട്ട് പോലുള്ള അപകടങ്ങൾ ഒഴിവാക്കാനായി ദുരന്തനിവാരണവുമായി ബന്ധപെട്ട് നടപടികൾ സ്വീകരിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. പീച്ചി ആസ്ഥാനമാക്കി ഇലക്ട്രിക്കൽ സെക്ഷനും, ഒല്ലൂർ വനമേഖലയിൽ എ.ബി.സി (ഏരിയൽ ബണ്ടിൽഡ് കേബിൾ) സംവിധാനം ഉപയോഗിച്ച് വൈദ്യുതി എത്തിക്കുന്നതും പരിഗണിക്കണമെന്ന ആവശ്യം വൈദ്യുതി മന്ത്രി മുമ്പാകെ അദ്ദേഹം മുന്നോട്ടുവച്ചു.

തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ്, നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.ആർ. രജിത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി. സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമൽ റാം ടി.കെ, നടത്തറ പഞ്ചായത്ത് മെമ്പർ അശോക് കുമാർ എം.എസ്, കെ.എസ്.ഇ.ബി വിതരണ വിഭാഗം ഡയറക്ടർ സി. സുരേഷ് കുമാർ, കെ.എസ്.ഇ.ബി മദ്ധ്യമേഖലാ വിതരണ വിഭാഗം ചീഫ് എൻജിനിയർ ജയിംസ് ജോർജ് എന്നിവർ പങ്കെടുത്തു.