ബംഗളൂരു - മൈസുരു അതിവേഗ പാത തുറന്ന് പ്രധാനമന്ത്രി

Monday 13 March 2023 12:54 AM IST

ന്യൂഡൽഹി: കേരളത്തിൽ നിന്ന് വയനാട് - ബംഗളൂരു യാത്ര എളുപ്പമാക്കുന്ന ബംഗളൂരു-മൈസുരു അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഗതാഗതത്തിന് തുറന്നു കൊടുത്തു. ബംഗളൂരു-മൈസുരു മൂന്ന് മണിക്കൂർ യാത്രയ്‌ക്ക് ഇനി 75 മിനിറ്റ് മതി.

തിരഞ്ഞെടുപ്പ് ആസന്നമായ കർണാടകയിൽ 16,000 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും മാണ്ഡ്യയിലെ ചടങ്ങിൽ പ്രധാനമന്ത്രി നിർവഹിച്ചു. മൈസൂരു -കുശാലനഗര നാലുവരിപ്പാതയ്ക്ക് തറക്കല്ലുമിട്ടു.

യാത്രാസമയം ഒന്നരമണിക്കൂറായി കുറയുന്നത് സാമ്പത്തിക പ്രവർത്തനങ്ങൾ ഊർജിതമാക്കും. പൈതൃക നഗരങ്ങളായ രാമനഗര, മണ്ഡ്യ എന്നിവിടങ്ങളിൽ ടൂറിസം വളരും. കാവേരി നദിയുടെ ഉദ്‌ഭവസ്ഥാനത്തേക്കുള്ള പ്രവേശനം സാദ്ധ്യമാക്കും.

ലോകം മഹാമാരിയുമായി മല്ലിട്ടപ്പോൾ ഇന്ത്യ അടിസ്ഥാനസൗകര്യ ബഡ‌്ജറ്റ് പലമടങ്ങു വർദ്ധിപ്പിച്ചു. സുഖസൗകര്യങ്ങളും തൊഴിലവസരങ്ങളും നിക്ഷേപങ്ങളും വരുമാന സാധ്യതകളും അടിസ്ഥാനസൗകര്യങ്ങൾ കൊണ്ടുവരുന്നു. കർണാടകയിൽ കഴിഞ്ഞ വർഷങ്ങളിൽ ഹൈവേ പദ്ധതികളിൽ ഒരു ലക്ഷം കോടിയിലേറെ നിക്ഷേപിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, പ്രൾഹാദ് ജോഷി, മാണ്ഡ്യ എം.പി സുമലത അംബരീഷ് തുടങ്ങിയവർ പങ്കെടുത്തു.

അമ്മമാരും സഹോദരിമാരും കവചം

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമെന്ന സൂചന നൽകി രാഷ്‌ട്രീയ പ്രതിയോഗികളെ മോദി വിമ‌ർശിച്ചു. പാവങ്ങളുടെ ജീവിതം സുഗമമാക്കാൻ ശ്രമിക്കുന്ന തന്റെ ശവക്കുഴി തോണ്ടുന്നത് സ്വപ്നം കാണുകയാണ് ചില രാഷ്ട്രീയ കക്ഷികൾ. എന്നാൽ കോടിക്കണക്കിന് അമ്മമാരും സഹോദരിമാരും പെൺമക്കളും അടക്കം ഇന്ത്യയിലെ ജനങ്ങളുടെ അനുഗ്രഹം തനിക്ക് രക്ഷാകവചമാകും. അതിവേഗ വികസനത്തിലൂടെ ഓരോ പൗരന്റെയും ആവശ്യങ്ങൾ നിറവേറ്റാനാണ് കേന്ദ്രത്തിലും കർണാടകയിലും ഇരട്ട എൻജിൻ സർക്കാരുകൾ (ബി.ജെ.പി സർക്കാരുകൾ) ശ്രമിക്കുന്നത്. അതിന് തുടർഭരണം അനിവാര്യമാണ്. ഭവനനിർമാണം, പൈപ്പ് വെള്ളം, പാചകവാതക കണക‌്‌ഷൻ, വൈദ്യുതി, റോഡുകൾ, ആശുപത്രികൾ, ദരിദ്രർക്കുള്ള ചികിത്സ തുടങ്ങിയവയ്‌ക്ക് മുൻഗണന നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബംഗളൂരു-മൈസൂർ അതിവേഗ പാത:

ദേശീയപാത-275ന്റെ ബംഗളൂരു-നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ ആറുവരിപ്പാത അടക്കം

118 കിലോമീറ്റർ നീളം, ചെലവ് 8480 കോടി

 3 മണിക്കൂർ യാത്ര, 75 മിനിട്ടാവും.

മൈസൂരു-കുശാലനഗര പാത

 ചെലവ് 4130 കോടി

 92 കിലോമീറ്റർ നീളം

5 മണിക്കൂർ യാത്ര 2.5 മണിക്കൂറാവും

Advertisement
Advertisement