വിവാദ ജുഡീഷ്യൽ പരിഷ്കരണം: പ്രതിഷേധത്തിരയിൽ ഇസ്രയേൽ
ടെൽ അവീവ് : ജുഡീഷ്യൽ വ്യവസ്ഥ പരിഷ്കരിക്കാനുള്ള ബെഞ്ചമിൻ നെതന്യാഹു സർക്കാരിന്റെ നീക്കത്തിനെതിരെ ഇസ്രയേലിൽ പത്താഴ്ചയായി തുടരുന്ന പ്രതിഷേധം മുറുകുന്നു. ശനിയാഴ്ച രാത്രി പ്രതിപക്ഷ നേതാവും മുൻ പ്രധാനമന്ത്രിയുമായ യെയ്‌ർ ലാപിഡിന്റെ നേതൃത്വത്തിൽ പതിനായിരങ്ങളാണ് ഇസ്രയേലി വീഥികളിൽ പ്രതിഷേധത്തിനായി അണിനിരന്നത്. ഇസ്രയേൽ തെരുവുകളിൽ അരങ്ങേറുന്ന ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളാണിതെന്ന് സംഘാടകർ പറയുന്നു. ഏകദേശം 500,000ത്തോളം പേർ ശനിയാഴ്ചത്തെ പ്രതിഷേധങ്ങളിൽ പങ്കെടുത്തു. ഇതിൽ 200,000ഓളം പേർ തലസ്ഥാനമായ ടെൽ അവീവിലാണ് അണിനിരന്നത്. വടക്കൻ നഗരമായ ഹയ്‌ഫയിൽ 50,000ത്തോളം പേർ പ്രതിഷേധം നടത്തി. സുപ്രീം കോടതി വിധികൾ പാർലമെന്റിന് എളുപ്പം അസാധുവാക്കാൻ കഴിയുന്നത് ഉൾപ്പെടെയുള്ള പരിഷ്കരണങ്ങൾക്കാണ് നെതന്യാഹു സർക്കാരിന്റെ നീക്കം. നെതന്യാഹു മുന്നോട്ട് വച്ച മാറ്റങ്ങൾ ജനാധിപത്യ ഭരണത്തിനെതിരെയുള്ള ആക്രമണം ആണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. എന്നാൽ സർക്കാർ ശാഖകൾ തമ്മിലെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതാണ് മാറ്റങ്ങളെന്ന് നെതന്യാഹു പറയുന്നു. പരിഷ്കാരങ്ങൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തകർക്കുമെന്നും ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയക്കാർ കൂടുതൽ സ്വാധീനം ചെലുത്തുമെന്നും പ്രതിഷേധക്കാർ ഉന്നയിക്കുന്നു. പാർലമെന്റിലെ കേവല ഭൂരിപക്ഷത്തിന് സുപ്രീം കോടതി വിധികൾ അസാധുവാക്കാനുള്ള അധികാരമുണ്ടായിരിക്കുമെന്ന് സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ പറയുന്നു. ഇത് അട്ടിമറി ഭയമില്ലാതെ നിയമനിർമ്മാണങ്ങൾ നടപ്പാക്കാൻ സർക്കാരിനെ പ്രാപ്തമാക്കും. അതേ സമയം, നിർദ്ദേശങ്ങൾ ഇതുവരെ നിയമമായിട്ടില്ല. അതിനിടെ, വെസ്റ്റ് ബാങ്കിൽ നബ്ലസ് നഗരത്തിന് സമീപം ആയുധധാരികളായ മൂന്ന് പലസ്തീനികളെ ഇസ്രയേൽ സൈന്യം ഇന്നലെ വെടിവച്ച് കൊന്നു. തങ്ങളുടെ സൈനിക പോസ്റ്റിന് നേരെ ഇവർ വെടിവയ്പ് നടത്തിയെന്ന് ഇസ്രയേലി സൈന്യം ആരോപിച്ചു.