കൊവിഡ് ഉത്ഭവം; എല്ലാ സിദ്ധാന്തങ്ങളും പരിഗണിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ
ജനീവ : കൊവിഡ് 19ന്റെ ഉത്ഭവം കണ്ടെത്തുക എന്നത് ധാർമ്മികമായ അനിവാര്യമാണെന്നും ഭാവിയിൽ ഇത്തരം രോഗവ്യാപനങ്ങൾ തടയാൻ കൊവിഡിനെ ചുറ്റിപ്പറ്റിയുള്ള എല്ലാ സിദ്ധാന്തങ്ങളും പര്യവേക്ഷണം ചെയ്യണമെന്നും ലോകാരോഗ്യ സംഘടന ( ഡബ്ല്യു.എച്ച്.ഒ ) മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറഞ്ഞു. കൊവിഡിനെ ഡബ്ല്യു.എച്ച്.ഒ ' മഹാമാരി"യായി പ്രഖ്യാപിച്ചിട്ട് ശനിയാഴ്ച മൂന്ന് വർഷം തികഞ്ഞ പശ്ചാത്തലത്തിൽ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2021ൽ ഡബ്ല്യു.എച്ച്.ഒയുടെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ മഹാമാരിക്കിടയാക്കിയ കൊറോണ വൈറസ് അഥവാ സാർസ് കോവ് - 2 (SARS-CoV-2) വവ്വാലുകളിൽ നിന്ന് ഒരു മൃഗത്തിലേക്കും അവിടെ നിന്ന് മനുഷ്യനിലേക്കും പടർന്നെന്ന നിഗമനത്തിലെത്തിയെങ്കിലും സാധുവായ തെളിവുകൾ നിരത്താനായില്ല. ഇതിൽ കൂടുതൽ അന്വേഷണങ്ങൾ വേണം. 2019ൽ ചൈനയിലെ ഹ്യൂബെയ് പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് കൊവിഡ് കേസുകൾ ആദ്യം കണ്ടെത്തിയത്. ഇവിടത്തെ ഹ്വനാൻ സീഫുഡ് മാർക്കറ്റിൽ നിന്നാണ് വൈറസ് വ്യാപിച്ചതെന്ന് ചൈന പറയുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല. ഇവിടെ കൂടുതൽ അന്വേഷണങ്ങൾ നടത്താൻ ചൈന അന്താരാഷ്ട്ര ഗവേഷകരോട് സഹകരിക്കുന്നില്ല. വൈറസ് വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ലാബിൽ നിന്ന് അബദ്ധത്തിൽ ചോർന്നതാകമെന്നതടക്കം പ്രചാരത്തിലുള്ള എല്ലാ സിദ്ധാന്തങ്ങളും തള്ളാനാകില്ലെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയിരുന്നു.