കഴിഞ്ഞ ദിവസം മടങ്ങിയെത്തിയപ്പോൾ തൊട്ട് നല്ല ചുമ, ശ്വാസം മുട്ടുന്നു; ബ്രഹ്മപുരം വിഷയത്തിൽ ശാശ്വത പരിഹാരം വേണമെന്ന് മമ്മൂട്ടി

Monday 13 March 2023 8:24 AM IST

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ ശാശ്വതമായ പരിഹാരം വേണമെന്ന് നടൻ മമ്മൂട്ടി. കൊച്ചിക്കാർക്ക് ഇനിയും ശ്വാസംമുട്ടി ജീവിക്കാൻ കഴിയില്ല. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസം വലിച്ച് ജീവിക്കാൻ വയ്യെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷൂട്ടിംഗിന് വേണ്ടി താൻ പൂനെയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ തൊട്ട് നല്ല ചുമ. ഇത് പതിയെ ശ്വാസം മുട്ടലായി. വീട്ടിൽ നിന്ന് മാറി നിൽക്കുകയാണെന്നൊക്കെയാണ് പലരോടും സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞതെന്ന് അദ്ദേഹം പ്രതികരിച്ചു.

കൊച്ചിയിലും പരിസര പ്രദേശങ്ങളിലും മാത്രമല്ല അടുത്ത ജില്ലകളിൽ വരെ പ്രശ്നമുണ്ട്. ബ്രഹ്മപുരത്തെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചുമതല ഭരണകർത്താക്കൾക്കുണ്ട്. അതിനുള്ള പരിഹാരം ഇവിടെയില്ലെങ്കിൽ പുറത്തുനിന്നുള്ള നല്ല മാതൃകകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.