എം വി ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ, കേരളം എടുത്തിരിക്കും, ഒരു സംശയവും വേണ്ട: കേരളം ബി ജെ പി പിടിച്ചെടുക്കുമെന്ന് സുരേഷ് ഗോപി
തൃശൂർ: കേരള ജനതയെ അത്രമാത്രം സി.പി.എം ദ്രോഹിച്ചെന്നും അവരുടെ അടിത്തറയിളക്കാൻ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാനും താൻ തയ്യാറാണെന്നും നടൻ സുരേഷ് ഗോപി. കേന്ദ്രആഭ്യന്തരമന്ത്രി പങ്കെടുത്ത ജനശക്തി റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
' 2024ൽ ഇവിടെ സ്ഥാനാർത്ഥിയാണെങ്കിൽ, അങ്ങനെയൊരു ഉത്തരവാദിത്വം എൽപ്പിക്കുകയാണെങ്കിൽ ഏത് ഗോവിന്ദൻ വന്നാലും ശരി, തൃശൂരിനെ ഇങ്ങെടുക്കും. ഹൃദയം കൊണ്ട് ആവശ്യപ്പെടുകയാണ്, തൃശൂരിനെ നിങ്ങളെനിക്ക് തരണം. അമിത് ഷായോട് അപേക്ഷിക്കുകയാണ്. ജയമല്ല പ്രധാനം, ആ പാർട്ടിയുടെ അടിത്തറയിളക്കാൻ കണ്ണൂർ തരൂ, മത്സരിക്കാൻ തയ്യാറാണ്. രണ്ട് നേതാക്കന്മാർ മാത്രമാണ് തന്റെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുക്കേണ്ടത്. മറ്റാർക്കും അതിന് അവകാശമില്ല
തൃശൂർ ഇങ്ങെടുക്കുവാണെന്ന് പറഞ്ഞപ്പോൾ അന്തം കമ്മികൾ ട്രോളുണ്ടാക്കി. ആ വരികൾ രാഷ്ട്രീയപ്രവർത്തകനെന്ന നിലയിൽ തന്നെ വളർത്തി. വിശ്വാസികളുടെ കൂടെ നടന്ന് വിശ്വാസികളുടെ ചട്ടയണിഞ്ഞ കോമരങ്ങളുണ്ട്. അവരെയാണ് ശപിക്കുമെന്ന് പറഞ്ഞത്. അല്ലാതെ അവിശ്വാസികളെയല്ല. ശക്തന്റെ മണ്ണിൽ നിന്ന് പറയാം, ഇതാണ് സത്യം. ഇരട്ടച്ചങ്കുണ്ടായത് 'ലേല'ത്തിലാണ്. അതിനുശേഷം വന്ന ചില ഓട്ടച്ചങ്കുകളാണ് ഇപ്പോൾ ഇരട്ടച്ചങ്കുകളായത്.
രാഷ്ട്രീയവും ചാരിറ്റിയും ഒന്നല്ലെന്ന് പറഞ്ഞ് തന്നെക്കുറിച്ച് നുണ പറയുന്ന എം.വി.ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. കേരളം എടുത്തിരിക്കും. ഒരു സംശയവും വേണ്ട. കേരളം ബി.ജെ.പി പിടിച്ചെടുത്തിരിക്കും. ഒരു നരേന്ദ്രൻ വടക്കു നിന്ന് ഇറങ്ങി വന്ന് കേരളമെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എടുത്തിരിക്കും. സഹകരണ ബാങ്കുകളെ സംബന്ധിച്ച് ആയിരക്കണക്കിന് പരാതികൾ എന്റെ കൈയിലുണ്ട്. ഒന്നരക്കോടി രൂപ വരെ ബാങ്കിലിട്ടവരുടെ പരാതികൾ. ജനങ്ങളുടെ പണം തിരിച്ചുകൊടുക്കാൻ എന്താണ് ഇവർക്ക് മടി?. അവിടെ നിക്ഷേപിച്ച പണം , ചോര നീരാക്കി അദ്ധ്വാനിച്ച് നേടിയതാണ്. ഓരോ ഫയലിലും ജീവിതമുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി ഇത് കാണുന്നില്ലേ? ' സുരേഷ് ഗോപി ചോദിച്ചു.
തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വത്തിന്റെ അനൗദ്യോഗിക പ്രഖ്യാപനമാണിതെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. ഇതിനിടെയാണ് അമിത് ഷാ പങ്കെടുത്ത വേദിയിൽ സുരേഷ് ഗോപി ആയിരങ്ങളെ ആവേശത്തിലാഴ്ത്തി ഇരുപത് മിനിറ്റോളം പ്രസംഗിച്ചത്. തൃശൂരിൽ 365 ദിവസവും പ്രവർത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.