യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇന്ത്യൻ വിമാനം പാകിസ്ഥാനിൽ ഇറക്കി; പക്ഷേ സംഭവിച്ചത്

Monday 13 March 2023 12:07 PM IST

കറാച്ചി: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ വിമാനം പാകിസ്ഥാനിൽ ഇറക്കി. ന്യൂ‌ൽഹിയിൽ നിന്ന് ദോഹയിലേയ്ക്ക് പറന്ന വിമാനമാണ് കറാച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. യാത്രക്കാരനായ അബ്ദുള്ള എന്ന നൈജീരിയൻ പൗരനാണ് ഫ്ലൈറ്റിനുള്ളിൽ വച്ച് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.

ഫ്ലൈറ്റിനുള്ളിൽ വച്ച് അബ്ദുള്ളയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനത്തിലെ ജീവനക്കാർ കറാച്ചി എയർ ട്രാഫിക് കൺട്രോളുമായി ബന്ധുപ്പെടുകയായിരുന്നു. മാനുഷികതയുടെ അടിസ്ഥാനത്തിൽ അടിയന്തര ലാൻഡിംഗിന് അനുമതി തേടി. തുടർന്ന് അനുമതി ലഭിച്ചതോടെ വിമാനം കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. വിമാനത്താവളത്തിലെ ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിമാനത്തിൽ വച്ച് തന്നെ അബ്ദുള്ള മരണപ്പെട്ടതായി സ്ഥിരീകരിച്ചത്. പിന്നീട് നടപടികൾ പൂർത്തിയാക്കിയ ശേഷം വിമാനം ദോഹയിലേയ്ക്ക് തിരിച്ചു.