അവധിക്കാലം അടിച്ചുപൊളിക്കാം, ഉല്ലാസയാത്രയ്ക്കായി 9 ബസുകൾ കൂടി.

Tuesday 14 March 2023 12:48 AM IST

കോട്ടയം . അവധിക്കാലത്ത് കെ എസ് ആർ ടി സി എല്ലാ ദിവസവും സംഘടിപ്പിക്കുന്ന ബഡ്ജറ്റ് ടൂറിസം യാത്രകൾക്കായി ജില്ലയിൽ പുതുതായി എത്തുക 9 ബസുകൾ. കോട്ടയം ഡിപ്പോയിൽ മൂന്നും പാലാ, ചങ്ങനാശേരി, വൈക്കം ഡിപ്പോകളിൽ രണ്ടു ബസുകൾ വീതവുമാണ് അനുവദിച്ചിട്ടുള്ളത്. മലക്കപ്പാറ, സാമ്പ്രാണിക്കൊടി, മൺറോതുരുത്ത്, നെഫർറ്റിറ്റി കപ്പൽയാത്ര തുടങ്ങി നിലവിൽ ജില്ലയിലെ ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന യാത്രകൾക്ക് പുറമെ മൂകാംബിക, പാലരുവി, നെയ്യാർ, കോവളം, ചതുരം​ഗപ്പാറ, വേളാങ്കണ്ണി തുടങ്ങിയ യാത്രകളും അവധിക്കാലത്ത് സംഘടിപ്പിക്കും. വനിതകൾക്ക് മാത്രമായുള്ള അവധിക്കാല യാത്രയും പരിഗണനയിലുണ്ട്. അധികൃതർ സമീപിച്ചാൽ സ്കൂൾ കുട്ടികൾക്കു പ്രത്യേക പാക്കേജ് യാത്രകളും ഒരുക്കും.

 വരുമാനം 50 ലക്ഷം

ബഡ്ജറ്റ് ടൂറിസം വഴി 2021 നവംബർ മുതൽ കഴിഞ്ഞ മാസം അവസാനം വരെ വരുമാനം അരക്കോടി രൂപയാണ്. 171 ട്രിപ്പുകൾ നടത്തി. കോട്ടയം ഡിപ്പോയിൽ 60 ട്രിപ്പുകൾ പൂർത്തിയാക്കി. 21 ലക്ഷം രൂപയാണ് വരുമാനം. മലക്കപ്പാറയിലേക്കാണ് ഏറ്റവും കൂടുതൽ യാത്ര നടത്തിയത്. മൂന്നാർ‌ ദ്വിദിന ട്രിപ്പും ​ഗവി, വയനാട് ട്രിപ്പുകളും ജനപ്രീതി നേടി. പാലാ 80, വൈക്കം 22, ചങ്ങനാശേരി 9 എന്നിങ്ങനെയാണ് മറ്റു ഡിപ്പോയിൽ നിന്ന് നടത്തിയ യാത്രകൾ.

അവധിക്കാലത്ത് എല്ലാ ദിവസവും ട്രിപ്പ് നടത്തണമെന്നാണ് ആ​ഗ്രഹം. ജീവനക്കാരുടെ ലഭ്യത കൂടി കണക്കിലെടുത്താവും യാത്രകൾ ക്രമീകരിക്കുക.

വിജു കെ നായർ (കോ-ഓർഡിനേറ്റർ, ബഡ്ജറ്റ് ടൂറിസം സെൽ കോട്ടയം).