സാമ്പത്തിക മാനദണ്ഡമില്ലാതെ മുഴുവൻ പേർക്കും പാചക വാതക സബ്സിഡി ലഭ്യമാകും; ബഡ്ജറ്റ് പ്രഖ്യാപനവുമായി പുതുച്ചേരി

Monday 13 March 2023 6:40 PM IST

പുതുച്ചേരി: പൊതുജനത്തിന് ഏറെ സഹായകരമാകുന്ന പ്രഖ്യാപനവുമായി കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ബഡ്ജറ്റ്. സാമ്പത്തിക മാനദണ്ഡം കണക്കാക്കാതെ തന്നെ മുഴുവൻ ഉപഭോക്താക്കൾക്കും പാചക വാതക സബ്സിഡി ലഭ്യമാക്കുമെന്ന് പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി പ്രഖ്യാപിച്ചു. 12 വർഷങ്ങൾക്ക് ശേഷം പുതുച്ചേരി നിയമസഭയിൽ അവതരിപ്പിക്കുന്ന സമ്പൂർണ ബഡ്ജറ്റ് അവതരണത്തിനിടയിലായിരുന്നു ധനകാര്യ വകുപ്പിന്റെയും ചുമതലക്കാരനായ രംഗസ്വാമിയുടെ വാഗ്ദാനം.

പ്രതിമാസം ഓരോ സിലിണ്ടർ പാചകവാതകത്തിന് 300 രൂപ വീതമായിരിക്കും സബ്സിഡി ഇനത്തിൽ ലഭ്യമാക്കുക. ഇതിനായി 126 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 15 വർഷം കാലാവധി കഴിഞ്ഞ വാഹനങ്ങൾ നിരത്തിലിറക്കുന്നത് നിരോധിക്കുമെന്നും ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ട്. കൂടാതെ മനുഷ്യക്കടത്ത് തടയാനുള്ള നടപടികൾ സജീവമാക്കാൻ പ്രത്യേക സംഘം, ഐടി പാർക്ക്, വ്യാപാരികൾക്കായി പ്രത്യേക പാക്കേജ് എന്നിവയും ബഡ്ജറ്റിൽ ഉൾപ്പെടുന്നു.