മലയോര ഹൈവേയ്ക്കായി കളക്ടറുടെ ഇടപെടൽ

Tuesday 14 March 2023 1:45 AM IST

പാലോട്: മലയോര ഹൈവേ നാലാം റീച്ചിന്റെ നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി കേരളകൗമുദി നൽകിയ വാർത്തയെ തുടർന്ന് കളക്ടറുടെ ഇടപെടൽ. ഉദ്യോഗസ്ഥരോട് അടിയന്തരമായി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ നിർദ്ദേശം നൽകിയതോടെ അപാകത ബോദ്ധ്യപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തിൽ റോഡിന്റെ ഇരുവശത്തെയും സ്വകാര്യ ഭൂമി അളന്ന് തുല്യമായി ഏറ്റെടുക്കാനും നിർദ്ദേശിച്ചു.

പെരിങ്ങമ്മല ഗാർഡർ സ്റ്റേഷൻ മുതൽ വിതുര കൊപ്പം വരെയാണ് നാലാം റീച്ച്. ഒൻപത് മീറ്റർ റോഡും ഒന്നര മീറ്റർ ഓടയും വരുന്ന രീതിയിലാണ് ഇനി റോഡ് നിർമ്മാണം. ഗാർഡർ സ്റ്റേഷനിൽ നിന്ന് തുടങ്ങി ചിറ്റൂർ എത്തിയതോടെ വീതി കുറഞ്ഞു. ഈ ഭാഗങ്ങളിൽ തട്ടിക്കൂട്ട് പണിയാണ് പിന്നെ കണ്ടത്.ചിറ്റൂർ പൊട്ടൻകുന്ന്, മുതിയാൻകുഴി ഭാഗത്ത് നിലവിലെ നിർമ്മാണത്തെക്കുറിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. കോളേജിന് മുന്നിലെ നിർമ്മാണത്തിലും പരാതികളേറെയാണ്.വർഷങ്ങളായുള്ള വെള്ളക്കെട്ടിന് പരിഹരമായില്ലെന്ന ആക്ഷേപവും ശക്തമാണ്. കൊച്ചു കരിക്കകംപാലം മുതൽ ആരയകുന്ന് വരെയുള്ള റോഡുപണിയിൽ ഇപ്പോഴും നിരവധി ക്രമക്കേടുകളാണ് കടന്നു കൂടിയിട്ടുള്ളത്.

മലയോര ഹൈവേ

തമിഴ്നാട് അതിർത്തിയായ കന്നുവാമൂട്ടിൽ തുടങ്ങി കാസർകോട് ജില്ലയിലെ നന്ദാര പടവിൽ അവസാനിക്കുന്ന രീതിയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം. തിരുവനന്തപുരം ജില്ലയിൽ പാറശാല,വെള്ളറട,അമ്പൂരി,കള്ളിക്കാട്,ആര്യനാട്,വിതുര,പെരിങ്ങമ്മല,പാലോട്, മടത്തറ എന്നിവിടങ്ങളിൽ കൂടിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. ഇതിലുൾപ്പെടുത്തി നിർമ്മാണം പുരോഗമിക്കുന്ന വിതുര മുതൽ ഇലവുപാലം വരെയുള്ള റോഡിലെ ടാപ്പുകൾ,വൈദ്യുതി പോസ്​റ്റുകൾ,മരങ്ങൾ എന്നിവ മാ​റ്റി നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കി.

വിതുര,പൊന്നാംചുണ്ട്,പാലോട് എന്നിവിടങ്ങളെ ബന്ധപ്പെടുത്തി നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. സുരക്ഷിതമായ ഓടകൾ, ദിശാബോർഡുകൾ,സുരക്ഷാവേലികൾ എന്നിവ റോഡിന് ഇരുവശവും സ്ഥാപിച്ച് അപകടരഹിതമാക്കും. ആലപ്പുഴയൊഴിച്ച് മ​റ്റെല്ലാ ജില്ലകളെയും ബന്ധിപ്പിച്ചാണ് മലയോര ഹൈവേ കടന്നുപോകുന്നത്.

ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി സർവേ നടപടികൾ തുടങ്ങി

മലയോര ഹൈവേ നിർമ്മാണം അവസാന ഘട്ടത്തോടടുക്കുമ്പോൾ ഗ്രീൻഫീൽഡ് ഹൈവേക്കായുള്ള നടപടികൾക്കും തുടക്കമായി. തിരുവനന്തപുരം അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ സർവേ നടപടിയും തുടങ്ങി.ടൗണുകൾ,ജനവാസ മേഖലകൾ ഒഴിവാക്കി നെടുമങ്ങാട്ടു നിന്ന് ആരംഭിച്ച് വിതുര,പാലോട്,മടത്തറ,കുളത്തൂപ്പുഴ,പുനലൂർ,പത്തനാപുരം,കോന്നി,കുമ്പളാംപൊയ്ക,കാഞ്ഞിരപ്പള്ളി,​ തിടനാട്,തൊടുപുഴ,മലയാ​റ്റൂർ വഴി അങ്കമാലിയിൽ എത്തുന്ന വിധത്തിൽ 227.5കിലോമീ​റ്റർ ദൂരത്തിൽ 45മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം. ഭോപാൽ ആസ്ഥാനമായ ഹൈവേ എൻജിനിയറിംഗ് കൺസൾട്ടൻസിയാണ് സർവേ നടത്തുന്നത്.

പുനലൂർ മുതൽ തൊടുപുഴ വരെ ടൗണിലൂടെ ഈ പാത കടന്നുപോവില്ല. വനമേഖലയെ ഒഴിവാക്കാൻ സീറോ ഫോറസ്​റ്റ് സർവേയും നടന്നു. ശബരിമല,എരുമേലി,ഭരണങ്ങാനം എന്നീ തീർത്ഥാടന കേന്ദ്രങ്ങളിൽ പോകുന്നവർക്ക് ഈ പാത അനുഗ്രഹമാകും. പുനലൂർ പൊൻകുന്നം പാതയ്ക്ക് സമാന്തരമായി മലയാലപ്പുഴ പഞ്ചായത്തിലെ പ്രദേശങ്ങളിലൂടെ കോന്നിയിൽ നിന്ന് കുമ്പളാംപൊയ്കയിലെത്തും. വടശേരിക്കര ടൗൺ,പെരുമ്പുഴ,ഇട്ടിയപാറ ടൗണുകളിലും ഈ പാത എത്തില്ല.

Advertisement
Advertisement