കോവളം - കാരോട് ബൈപ്പാസ് നിർമ്മാണം: പ്രദേശവാസികൾ ആശങ്കയിൽ

Tuesday 14 March 2023 2:32 AM IST

പൂവാർ: കോവളം - കാരോട് ബൈപ്പാസിന്റെ നിർമ്മാണത്തിൽ പ്രദേശവാസികൾ ആശങ്കയിൽ.2016 നവംബർ നവംബർ 15-നാണ് എൽ.ആൻഡ്.റ്റി കമ്പനി റോഡിന്റെ പണി ഏറ്റെടുത്തത്. 16.05 കിലോമീറ്റർ വരുന്ന കോൺക്രീറ്റ് റോഡ് 2018 ൽ പൂർത്തീകരിക്കും എന്നായിരുന്നു എഗ്രിമെന്റ്.ഓരോ ഘട്ടത്തിലും 6 മാസവും ഒരു വർഷവും നീട്ടി വാങ്ങിയിട്ടും ഇതുവരെയും പണി പൂർത്തിയാക്കാനായില്ല.

ബൈപ്പാസ് നിർമ്മാണത്തിന്റെ ആദ്യഘട്ടം മുതൽ അശാസ്ത്രീയമായ നിർമ്മാണത്തിനെതിരെ പ്രദേശവാസികൾ സമരരംഗത്താണ്. റോഡ് നിർമ്മാണത്തിന്റെ അപാകത ചൂണ്ടിക്കാട്ടി ആദ്യമായി സമരരംഗത്തെത്തുന്നത് തെങ്കവിള നിവാസികളായിരുന്നു.അശാസ്ത്രീയ നിർമ്മാണം കാരണം മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം പ്രദേശത്തെ വീടുകളിൽ കയറുന്നു എന്നതായിരുന്നു ആക്ഷേപം.

കല്ലുമല -കൈവൻവിള ഭാഗത്തെ സർവീസ് റോഡുകളും തകർന്ന് തരിപ്പണമായി. ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഓട നിർമ്മാണം നടക്കുന്നുണ്ടെങ്കിലും അശാസ്ത്രീയത പരിഹരിക്കാൻ നടപടിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

തിരുപുറം പുറുത്തിവിളയിൽ റോഡ് ക്രോസിംഗ് വരുന്നിടത്ത് ഫ്ലൈഓവർ നിർമ്മാണം മാറ്റി യൂടേൺ സംവിധാനമേർപ്പെടുത്താനുള്ള നീക്കത്തിനെതിരെയും, മേജർ സിഗ്നൽ ജംഗ്ഷൻ വേണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഗ്രാമ പഞ്ചായത്തും സമരരംഗത്തെത്തിയതോടെ അധികൃതർ അവിടെയും ഉറപ്പ് നൽകി പോയി.

തിരക്കേറിയ കാഞ്ഞിരംകുളത്തെ മേജർ സിഗ്നൽ ജംഗ്ഷന്റെ നിർമ്മാണവും നടന്നിട്ടില്ല. പഴയകട - മാവിളക്കടവ് റോഡ് മുറിച്ച ഭാഗത്തെ ബൈപ്പാസ് റോഡിന്റെ കോൺക്രീറ്റ് നിർമ്മാണം പൂർത്തീകരിച്ചിട്ടുമില്ല. നെയ്യാറിന് സമീപം നിർമ്മിച്ച അണ്ടർ ഗ്രൗണ്ട് റോഡ് മഴക്കാലത്ത് വെള്ളത്തിൽ മുങ്ങും. പ്രദേശത്തെ വീതി കുറഞ്ഞതും അശാസ്ത്രീയവുമായ സർവീസ് റോഡിന്റെ നിർമ്മാണം പുനഃപരിശോധിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവിക്കൊണ്ടിട്ടില്ല.

പ്രചരണം സത്യമോ?​

ബൈപ്പാസ് റോഡിന്റെയും സർവീസ് റോഡുകളുടെയും നിർമ്മാണം പൂർത്തീകരിക്കാതെയും നിർമ്മാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കാതെയും നാഷണൽ ഹൈവേ അതോറിട്ടി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണെന്ന വാർത്ത പ്രചരിപ്പിക്കുകയാണെന്ന് കഴക്കൂട്ടം കാരോട് ബൈപ്പാസ് ആക്ഷൻ കൗൺസിൽ ചെയർമാൻ വി.സുധാകരൻ പറഞ്ഞു.

നഷ്ടപരിഹാരം ഇനിയും കിട്ടാനുണ്ട്

റോഡ് നിർമ്മാണത്തിന് ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരത്തുക ഇനിയും കിട്ടാനുണ്ട്. സർക്കാർ നിയമിച്ച ആർബിട്രേറ്റർ നൽകാൻ വിധിച്ച തുക കൊടുക്കാൻ വിമുഖത കാട്ടുകയാണ്. വിധിയായ കേസുകൾക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോയിരിക്കുകയാണ് എൻ.എച്ച് അതോറിട്ടി.

തകർന്നുവീഴുമെന്ന ആശങ്ക

40 അടിയോളം ഉയരത്തിലൂടെ കടന്നുപോകുന്ന ബൈപ്പാസ് നിർമ്മിച്ചിരിക്കുന്നത് അശാസ്ത്രീയമായതിനാൽ തകർന്ന് വീഴാൻ സാദ്ധ്യതയുണ്ടെന്ന ആശങ്കകയിലാണ് മരപ്പാലം വേങ്ങപൊറ്റ നിവാസികൾ. ഫ്ലൈഓവറും തൂണുകളും പണി പൂർത്തീകരിച്ചെങ്കിലും ബലക്ഷയത്തെക്കുറിച്ചുയർന്ന ആശങ്ക പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

കാഞ്ഞിരംകുളം പ്ലാവിള, തിരുപുറം മണ്ണക്കൽ എന്നിവിടങ്ങളിൽ പി.ഡബ്ല്യൂ.ഡി.റോഡ് മുറിക്കേണ്ടിവന്ന ഭാഗത്ത് ഫ്ലൈഓവർ വേണമെന്ന നാട്ടുകാരുടെ പ്രക്ഷോഭത്തിനൊടുവിൽ നിർമ്മിക്കുമെന്ന അധികൃതരുടെ ഉറപ്പ് മാത്രമേ ഇതുവരെയുള്ളൂ എന്നാണ് സമരസമിതി നേതാക്കൾ പറയുന്നത്.

Advertisement
Advertisement