എയർഹോസ്‌റ്റസിന്റെ മരണം കൊലപാതകമോ?; ഒപ്പമുണ്ടായിരുന്ന മലയാളി ആൺ സുഹൃത്തിനെ അറസ്‌റ്റ് ചെയ്‌തു
ബംഗളൂരു: ബഹുനില കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് എയർഹോസ്‌റ്റസ് മരിച്ച സംഭവത്തിൽ മലയാളിയായ പങ്കാളി അറസ്‌റ്റിൽ. ഐടി ജീവനക്കാരനായ കാസർകോട് സ്വദേശി ആദേശാണ് അറസ്‌റ്റിലായത്. ഇയാൾക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കോറമംഗലയിലെ ഒരു അപാർട്ട്‌മെന്റിന്റെ നാലാംനിലയിൽ നിന്നും വീണാണ് അർച്ചന ധിമൻ(28) മരിച്ചത്. ശനിയാഴ്‌ചയായിരുന്നു സംഭവം. ഇതിന് നാല് ദിവസം മുൻപാണ് ദുബായിൽ നിന്നും അർച്ചന ബംഗളൂരുവിലെത്തിയത്. മകളെ ആദേശ് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് അർച്ചനയുടെ മാതാവ് ആരോപിച്ചു.
ഒരു ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട അർച്ചനയും ആദേശും കഴിഞ്ഞ ആറ് മാസത്തോളമായി പ്രണയബന്ധത്തിലായി. ഇരുവരും ഇവിടെ അപാർട്ടുമെന്റിൽ താമസിച്ചു വരികയായിരുന്നു. ഇരുവരും തമ്മിൽ നിരന്തരം തർക്കമുണ്ടാകാറുണ്ടായിരുന്നതായാണ് വിവരം. അപകടം നടന്നയന്ന് രാത്രി ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടെ ബാൽക്കണിയിൽ നിന്നും തെന്നി അർച്ചന താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ആദേശ് പൊലീസിനോട് പറഞ്ഞത്. ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അർച്ചനയുടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാക്കുകയാണെന്നും ഇതിനുശേഷമേ കൃത്യമായ മരണകാരണം പറയാനാകൂവെന്നും പൊലീസ് അറിയിച്ചു.