പോക്‌സോ കേസിൽ 58 കാരന് 35 വർഷം തടവ്
Tuesday 14 March 2023 1:23 AM IST
ഇരിങ്ങാലക്കുട: 3 വയസ് മാത്രം പ്രായമുള്ള ബാലനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിന് ഇരയാക്കിയ 58 കാരന് 35 വർഷം തടവും 80,000 രൂപ പിഴയും വിധിച്ചു. ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരിയാരം ഒരപ്പന സ്വദേശി പുളിക്കൽ വിത്സനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്‌സോ) ജഡ്ജ് കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്.
കുട്ടിയെ റോഡരികിൽ നിന്നും കൂട്ടിക്കൊണ്ടുപോയി പീഢനത്തിന് ഇരയാക്കി എന്നാണ് കേസ്. പിഴത്തുക അടയ്ക്കാത്ത പക്ഷം രണ്ടുവർഷവും ഒമ്പതുമാസവും കൂടി ശിക്ഷ അനുഭവിക്കണം. ചാലക്കുടി സി.ഐ ആയിരുന്ന കെ.എസ്. സന്ദീപ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ സി.ഐ. ബൈജു കെ.പോൾ ആണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി. 17 സാക്ഷികളെ വിസ്തരിച്ച കേസിൽ 35 രേഖകൾ തെളിവിനായി ഹാജരാക്കിയിരുന്നു.