സമാന്തര സർവീസ് ബസിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഉല്ലാസയാത്ര വിജിലൻസ് അന്വേഷണം

Tuesday 14 March 2023 5:08 AM IST

തിരുവനന്തപുരം: സമാന്തര സർവീസ് നടത്തുന്ന ബസിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ ഗവിയിലേക്ക് ഉല്ലാസ യാത്ര നടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ഗവിയിലേക്ക് പ്രത്യേക സർവീസ് നടത്തുമ്പോൾ, ജീവനക്കാർ സമാന്തരവാഹനത്തിൽ ഉല്ലാസയാത്ര നടത്തിയ സംഭവത്തിൽ സി.എം.ഡി ബിജുപ്രഭാകറിന് പരാതി ലഭിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയുടെ ബസുകൾ ഒഴിവാക്കി സ്വകാര്യവാഹനത്തെ ആശ്രയിച്ചതാണ് ആക്ഷേപത്തിന് ഇടയാക്കിയത്.
തിരുവനന്തപുരം സെൻട്രലിലെ ജീവനക്കാർ കഴിഞ്ഞ ശനിയാഴ്ചയാണ് ഗവിയിലേക്ക് പോയത്. സെൻട്രൽ എ.ടി.ഒയും, ട്രേഡ് യൂണിയൻ നേതാവായ ഇൻസ്‌പെക്ടറുമാണ് യാത്രയ്ക്ക് നേതൃത്വം നൽകിയത്.
കെ.എസ്.ആർ.ടി.സി ബസ് ലഭ്യമല്ലാത്തതുകൊണ്ടാണ് വാഹനം വാടകയ്‌ക്കെടുത്തതെന്നാണ് ജീവനക്കാരുടെ വിശദീകരണം. നിജസ്ഥിതി വിജിലൻസ് അന്വേഷിക്കുന്നുണ്ട്. അന്നേദിവസം തലസ്ഥാനത്തെ മറ്റൊരു ഡിപ്പോയിൽ നിന്നുള്ള ജീവനക്കാർ കെ.എസ്.ആർ.ടി.സി ബസിൽ വിനോദയാത്ര നടത്തിയിരുന്നു. അവധി ദിവസങ്ങളിൽ യാത്രക്കാർ കുറഞ്ഞ ട്രിപ്പുകൾ റദ്ദാക്കി ബഡ്ജറ്റ് ടൂറിസത്തിന് ബസ് നൽകാറുണ്ട്. കെ.എസ്.ആർ.ടി.സി നിരക്ക് കുറച്ച് ഗവിയിലേക്ക് സർവീസ് നടത്തുന്നുവെന്ന് ചില സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ പരാതിപ്പെട്ടിരുന്നു. ഇതിനിടെയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ സ്വകാര്യവാഹനത്തെ ആശ്രയിച്ചത്.

Advertisement
Advertisement