ഗ്ലോക്കോമാ വാരാചരണം
കണ്ണൂർ : കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസും ജില്ലാ ഓഫ്താൽമിക് സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിൽ ലോക ഗ്ലോക്കോമാ വാരാചരണത്തിന്റെ ഭാഗമായി 12 മുതൽ 18 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു.നാളെ കേരളത്തിലെ മുഴുവൻ കണ്ണാശുപത്രികളിലും സൗജന്യ ഗ്ലോക്കോമ സ്ക്രീനിംഗ് ക്യാമ്പുകൾ നടത്തും. നൂറ്റി അമ്പതോളം ആശുപത്രികളിൽ സേവനം ലഭ്യമാകും. വാരാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച ഗ്ലോക്കോമ രോഗനിർണയവും ക്ലിനിക്കൽ പരീക്ഷണവും ഗവേഷണവും എന്ന സെമിനാർ സംഘടിപ്പിച്ചു. ഗ്ലോക്കോമ കേസുകൾ കണ്ടെത്തുന്നതിനൊപ്പം പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കാനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള സൊസൈറ്റി ഓഫ് ഒഫ്താൽമിക് സർജൻസ് സയന്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. ശ്രീനി എഡക്ളോൺ, ഓഫ്താൽമിക് സൊസൈറ്റി ഓഫ് കണ്ണൂർ ജനറൽ സെക്രട്ടറി ഡോ. കെ.എം.സീമ എന്നിവർ പങ്കെടുത്തു.