അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ 25 ചിത്രങ്ങൾ

Tuesday 14 March 2023 12:27 AM IST
ചലച്ചിത്രമേള

ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര അക്കാ‌ദമി 17 മുതൽ 19 വരെ ആലപ്പുഴ കൈരളി, ശ്രീ തീയറ്ററുകളിൽ സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോകസിനിമ, ഇന്ത്യൻ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലായി വനിതാ സംവിധായകരുടെ 20 സിനിമകളും അഞ്ച് ഡോക്യുമെന്ററികളുമാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാൻ, മ്യൂണിച്ച് മേളകളിൽ ഉൾപ്പെടെ 50ൽപ്പരം പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഷാർലറ്റ് വെൽസിന്റെ 'ആഫ്റ്റർ സൺ', കാൻ, സാൻ സെബാസ്റ്റ്യൻ, ഷിക്കാഗോ ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ നേടിയ മേരി ക്രൂസ്റ്ററുടെ 'കോർസാഷ്', ലൊകാർണോ മേളയിൽ ഗോൾഡൻ ലെപ്പേർഡ് പുരസ്‌കാരം നേടിയ ജൂലിയ മുറാറ്റിന്റെ 'റൂൾ 34', ബെർലിൻ, സൺഡാൻസ് ഫെസ്റ്റിവലുകളിൽ അവാർഡുകൾ നേടിയ 'ക്ളോൺഡിക്കെ' തുടങ്ങി ലോക സിനിമ വിഭാഗത്തിൽ 14 സിനിമകൾ പ്രദർശിപ്പിക്കും. ഇന്ത്യൻ സിനിമ വിഭാഗത്തിൽ റിമാദാസിന്റെ 'ടോറാസ് ഹസ്ബന്റ്', അഞ്ജലി മേനോന്റെ 'വണ്ടർവിമൻ' എന്നിവ പ്രദർശിപ്പിക്കും. സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വനിതാസംവിധായികമാരെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച ഏറ്റവും പുതിയ രണ്ടു ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ദുലക്ഷ്മി സംവിധാനം ചെയ്ത 'നിള', ശ്രുതി ശാരണ്യത്തിന്റെ 'ബി 32 റ്റു 44'എന്നിവയാണ് ഈ ചിത്രങ്ങൾ. ഇന്ദു വി.എസ് സംവിധാനം ചെയ്ത 19 (1) (a ), രത്തീനയുടെ 'പുഴു' എന്നീ മലയാള ചിത്രങ്ങളും പ്രദർശിപ്പിക്കും. അഞ്ച് ഡോക്യുമെന്ററികളുടെ പ്രദർശനവും മേളയിൽ ഉണ്ടായിരിക്കും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാർത്ഥികൾക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. registration.iffk.in എന്ന ലിങ്ക് മുഖേന ഓൺലൈനായി രജിസ്ട്രേഷൻ നടത്താം. ഓഫ് ലൈൻ രജിസ്ട്രേഷന് ആലപ്പുഴ കൈരളി തീയറ്ററിലും കെ.എസ്.ആർ.ടി.സി സ്റ്റാന്റിലും സജ്ജീകരിച്ച ഡെലിഗേറ്റ് കൗണ്ടറുകളിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സാംസ്‌കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായി ഇൻഫർമേഷൻ ആൻഡ് പബ്ളിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മേള .