ബ്രഹ്മപുരം പാഠമാക്കാൻ നഗരസഭ മാലിന്യ സംസ്കരണം ശക്തിപ്പെടുത്താൻ പ്രത്യേക കർമ്മപദ്ധതി

Tuesday 14 March 2023 6:50 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശസ്ഥാപനമായ തിരുവനന്തപുരം നഗരസഭയുടെ പരിധിയിലെങ്ങും മാലിന്യക്കൂനയില്ലാത്തത് നഗരവാസികൾക്ക് താത്കാലിക ആശ്വസമാണെങ്കിലും ബ്രഹ്മപുരം ഉയർത്തിയ ഭീതി നിലനിൽക്കുന്നു. നഗരത്തിലെ മാലിന്യ സംസ്കരണം അത്രകണ്ട് ഫലപ്രദമല്ലെങ്കിലും മാലിന്യക്കൂനകൾ ഉയരുന്നത് തടയാനുള്ള പരിശ്രമമുണ്ട്.

ഇതിന് ജനങ്ങളുടെ പൂർണ സഹകരണം ആവശ്യമാണ്. അതേസമയം ബ്രഹ്മപുരത്തെ പാഠമാക്കി മാലിന്യ സംസ്കരണത്തിന് അടിയന്തര പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് നഗരസഭ. ഉറവിട മാലിന്യ സംസ്കരണം ആദ്യ ഘട്ടത്തിൽ നടപ്പാക്കിത് തിരുവനന്തപുരം നഗരസഭയായിരുന്നെങ്കിലും പരിപാലനം അപ്പാടെ പൊളിഞ്ഞു. മിക്ക റോഡുവക്കിലും ഉപേക്ഷിച്ച നിലയിൽ മാലിന്യ ചാക്കുകെട്ടുകൾ കാണാം.

കൂടാതെ നദികളിലും തോടുകളിലും മാലിന്യം നിക്ഷേപിക്കുന്നതും പതിവാണ്. രാത്രിയുടെ മറവിൽ സി.സി.ടി.വി കണ്ണില്ലാത്ത ഇടങ്ങളിലാണ് കാറുകളിലുംസ്കൂട്ടറുകളിലുമെത്തി മാലിന്യം തള്ളിയിട്ട് മുങ്ങുന്നത്. ഇത്തരക്കാർ ആൾത്തിരിക്കില്ലാത്ത ഇടറോഡുകളാണ് മാലിന്യനിക്ഷേപത്തിന് തിരഞ്ഞെടുക്കുന്നത്. ഇതിൽ പരിശോധന വ്യാപകമാക്കാനോ പിഴ ഈടാക്കാനോ നഗരസഭയ്‌ക്ക് കഴിയുന്നില്ല.

പ്രത്യേക കർമ്മപദ്ധതി

മാലിന്യ സംസ്കരണം ചർച്ചയായ സാഹചര്യത്തിലാണ് നഗരസഭ അടിയന്തരമായി കർമ്മ പദ്ധതി തയാറാക്കിയത്. നേരത്തെ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങളിൽ തട്ടി നിൽക്കുകയായിരുന്നു. തുടർന്നാണ് പദ്ധതികൾ ഉടൻ നടപ്പാക്കാൻ തീരുമാനിച്ചത്. ഉറവിട മാലിന്യ സംസ്കരണം ശക്തിപ്പെടുത്തുന്നതാണ് ആദ്യ ഘട്ടം. ഈ വ‍ർഷം നഗരത്തിൽ ഒരു ലക്ഷം കിച്ചൺ ബിന്നുകൾ വിതരണം ചെയ്യും. മേൽനോട്ടത്തിന് ഹരിതകർമ്മ സേനയെ ചുമതലപ്പെടുത്തും. ഹരിതകർമ്മ സേനയെ വിപുലീകരിച്ച് മാലിന്യ സംസ്കരണത്തിന്റെ മുഖ്യ ചുമതലക്കാരാക്കും.

മാലിന്യശേഖരണം ഇങ്ങനെ

നിലവിൽ വീടുകളിലെ അജൈവ, ജൈവ മാലിന്യം ഹരിതകർമ്മ സേന ശേഖരിച്ച് സംസ്കരിക്കുന്നുണ്ട്. സ്ഥാപനങ്ങളിലെ ജൈവ മാലിന്യം ഏജൻസികൾ വഴി ശേഖരിച്ച് തമിഴ്നാട്ടിലും മറ്റുമെത്തിച്ചാണ് സംസ്കരിക്കുന്നത്. പ്ളാസ്റ്റിക്ക് മാലിന്യം ഹരിതകർമ്മ സേന ശേഖരിച്ച് ക്ളീൻ കേരള കമ്പനിക്ക് നൽകും. ചില്ല്,​കുപ്പി,​തുണി,​ഇലക്ട്രിക്ക് മാലിന്യങ്ങൾ തുടങ്ങിയവയാണ് ക്ളീൻ കേരള കമ്പനിക്കും മറ്റ് ഏജൻസികൾക്കും കൈമാറുന്നത്. 4380 കിലോ പ്ലാസ്റ്റിക്കാണ് ദിനംപ്രതി ഹരിതകർമ്മ സേന ശേഖരിക്കുന്നത്.

മാലിന്യക്കൂനകൾ മാറി ഉദ്യാനവും ടൗൺഷിപ്പും

ബ്രഹ്മപുരം പോലെ മാലിന്യ മലകളുണ്ടായിരുന്ന രണ്ടിടങ്ങളായിരുന്നു വിളപ്പിൽശാല മാലിന്യ സംസ്കരണ പ്ളാന്റും എരുമക്കുഴിയും. ഇവയിൽ ഒരെണ്ണം ഉദ്യാനമായെങ്കിൽ രണ്ടാമത്തേത് ടൗൺഷിപ്പാക്കാനുള്ള ഒരുക്കത്തിലാണ്. എരുമക്കുഴിലെ മാലിന്യക്കൂന സന്മതി പാർക്കായപ്പോൾ വിളപ്പിൽശാലയിൽ 400 കോടിയുടെ മിനി ടൗൺഷിപ്പാണ് യാഥാർത്ഥ്യമാകുന്നത്.