സ്വവർഗ വിവാഹ സാധുത ഭരണഘടനാ ബെഞ്ചിൽ, കേൾക്കുന്നത് അഞ്ചംഗ ബെഞ്ച്, ഏപ്രിൽ 18 മുതൽ തത്സമയ വാദം

Tuesday 14 March 2023 4:58 AM IST

ന്യൂഡൽഹി :​ സ്വവ‌ർഗ വിവാഹത്തിന് നിയമസാധുത തേടി സ്വവർഗ പങ്കാളികൾ സമർപ്പിച്ച ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി. സ്വവർഗ വിവാഹത്തിനുള്ള അംഗീകാരം സമൂഹത്തിൽ ശക്തമായസ്വാധീനമുണ്ടാക്കുമെന്ന നിരീക്ഷണത്തോടെയാണ് ചീഫ് ജസ്റ്രിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഏപ്രിൽ 18 മുതൽ വാദം കേൾക്കും.

വിവിധ ഹൈക്കോടതികളിൽ നിന്ന് വിളിച്ചുവരുത്തിയതുൾപ്പെടെ 19 ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്. ഹ‌ർജികൾ പരിഗണിക്കുന്നതിനിടെ, സ്വവർഗാനുരാഗികൾ ദത്തെടുക്കുന്ന കുട്ടികൾ സ്വവ‌ർഗാനുരാഗികൾ തന്നെ ആകണമെന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂ‌ഡ് നിരീക്ഷിച്ചു. കക്ഷികൾക്ക് അവരുടെ നിലപാട് മൂന്നാഴ്ചയ്ക്കകം രേഖാമൂലം സമർപ്പിക്കാം. ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

വാദം കേൾക്കൽ തൽസമയം സ്ട്രീം ചെയ്യും. സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റായ main.sci.gov.inലും, ഔദ്യോഗിക യൂട്യൂബ് ചാനലിലും പൊതുജനങ്ങൾക്ക് വാദം കേൾക്കാം. തൽസമയ സ്ട്രീമിംഗ് നടത്തണമെന്ന് ഹർജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ എൻ.കെ. കൗൾ ആവശ്യപ്പെട്ടിരുന്നു.

വാദിക്കാൻ സ്വവർഗ

പങ്കാളികളും

ഹർജികളിൽ ഒന്ന് വാദിക്കുന്നത് സ്വവർഗ പങ്കാളികളായ മനേക ഗുരുസ്വാമിയും അരുന്ധതി കട്ജുവുമാണ്. സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന 2018ലെ ചരിത്രവിധിക്ക് പിന്നിലെ പോരാട്ടത്തിലും ഇവരുണ്ടായിരുന്നു.

എന്തുകൊണ്ട്

ഭരണഘടനാബെഞ്ച് ?

2018 സെപ്‌തംബർ 6ന് നവ്തേജ് സിംഗ് ജോഹർ കേസിൽ, സമ്മതത്തോടെയുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. ഇതും സ്വകാര്യത മൗലികാവകാശമാണെന്ന പുട്ടുസ്വാമി കേസ് വിധിയും ചൂണ്ടിക്കാട്ടിയാണ് സ്വവർഗ വിവാഹം അംഗീകരിക്കാതിരിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് വാദിക്കുന്നത്. സ്‌പെഷ്യൽ മാര്യേജ് ആക്‌ട്, ഫോറിൻ മാര്യേജ് ആക്‌ട് എന്നിവയിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്ന വ്യവസ്ഥകളുണ്ടെന്നും ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് വിഷയം ഭരണഘടനാ ബെഞ്ചിന് വിട്ടത്.

സ്വകാര്യത അവകാശം:

സ്വവർഗ പങ്കാളികൾ

1. നവ്തേജ് സിംഗ് ജോഹർ കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ സ്വവർഗ വിവാഹം അംഗീകരിക്കണം. സ്വകാര്യത മൗലികാവകാശമാണ്

2. സ്‌പഷ്യൽ മാര്യേജ് ആക്‌ടിലെ ഇടുങ്ങിയ വ്യാഖ്യാനങ്ങൾക്കും അപ്പുറമാണ് സുപ്രീംകോടതി തന്നെ അംഗീകരിച്ച അവകാശങ്ങൾ

3. സ്നേഹിക്കാനുള്ള അവകാശം നമ്മളെ മനുഷ്യരാക്കി നിലനിറുത്തും. സ്‌പെഷ്യൽ മാര്യേജ് ആക്‌ടിലെ വ്യവസ്ഥകൾ റദ്ദാക്കണം

4. പുരുഷനും സ്ത്രീയുമെന്നല്ല, രണ്ട് ഹിന്ദുക്കൾ തമ്മിലുള്ള വിവാഹമാണ് ഹിന്ദു വിവാഹ നിയമത്തിൽ വ്യവസ്ഥ ചെയ്‌തിരിക്കുന്നത്

5. പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ആവിഷ്‌കാരത്തിനും അന്തസിനുമുള്ള അവകാശമാണ്

പ്രത്യാഘാതം

ഗുരുതരം: കേന്ദ്രം

1. സമൂഹത്തിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേഹ്‌ത വാദിച്ചു

2. സ്വവർഗ വിവാഹം അംഗീകരിക്കണമോയെന്നത് പാർലമെന്റ് തീരുമാനിക്കേണ്ട വിഷയമാണ്

3. നിയമനി‌ർമ്മാണവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ പാർലമെന്റിലാണ് സംവാദം നടക്കേണ്ടത്

4. പുരുഷൻ, സ്ത്രീ എന്നിവയ്‌ക്ക് രാജ്യത്തെ നിയമ വ്യവസ്ഥയിൽ കൃത്യമായ നിർവചനമുണ്ട്

5. പുരുഷന് 21 വയസും, സ്ത്രീക്ക് 18 വയസും പൂർത്തിയാകണമെന്ന് സ്‌പഷ്യൽ മാര്യേജ് ആക്‌ടിലുണ്ട്

Advertisement
Advertisement