ഗഡുക്കളായി പെൻഷൻ ; പ്രതിരോധ സെക്രട്ടറിക്ക് സുപ്രീംകോടതി താക്കീത്

Tuesday 14 March 2023 4:09 AM IST

ന്യൂഡൽഹി : വൺ റാങ്ക്‌ വൺ പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച സൈനികരുടെ പെൻഷൻ കുടിശ്ശിക നാല് ഗഡുക്കളായി നൽകാനുള്ള പ്രതിരോധ സെക്രട്ടറിയുടെ തീരുമാനത്തെ നിശിതമായി വിമർശിച്ച് സുപ്രീംകോടതി. മാർച്ച് 15ഓടെ പെൻഷൻ കുടിശ്ശിക വിതരണം പൂർത്തിയാക്കണമെന്ന കോടതി ഉത്തരവ് മറികടന്നാണ് നാല് ഗഡുക്കളായി നൽകുമെന്ന് പ്രതിരോധ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയത്. ഇതിനെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചോദ്യം ചെയ്‌തു. നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല. കുടിശ്ശിക വിതരണ സമയപരിധി നീട്ടണമെന്ന ആവശ്യം ഉത്തരവ് പിൻവലിക്കാതെ പരിഗണിക്കില്ലെന്നും വ്യക്തമാക്കി. ഫെബ്രുവരി 27നും കോടതി വിമർശനമുന്നയിച്ചിരുന്നു.

ഏറെ പ്രായമായവർക്കും സ്ത്രീകൾക്കും കുടിശ്ശിക വിതരണത്തിൽ ആദ്യ പരിഗണന നൽകണം.​ ഇതുവരെ എത്രപേർക്ക് തുക നൽകി എന്നതടക്കം വിവരങ്ങൾ മാർച്ച് 20ന് അറിയിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദ്ദേശവും നൽകി.

ആദ്യ ഗഡു 31നകം

മാർച്ച് 31നകം ആദ്യ ഗഡു വിതരണം ചെയ്യുമെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി അറിയിച്ചു. 25 ലക്ഷം പെൻഷൻകാരിൽ ഏഴ് ലക്ഷം പേരുടെ അപേക്ഷകൾ അംഗീകരിച്ചു. ബാക്കിയുള്ളവയിൽ നടപടിക്രമങ്ങൾ തുടരുകയാണ്. താൻ നേരിട്ട് കാര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും അറ്റോർണി ജനറൽ പറഞ്ഞു. പെൻഷൻ കുടിശ്ശികയ്‌ക്കായി കാത്തിരുന്ന നാല് ലക്ഷം പേർ ഇതിനോടകം മരിച്ചതായി ഇന്ത്യൻ എക്‌സ് സർവീസ്‌മെൻ മൂവ്മെന്റ് അടക്കം ഹർജിക്കാർ ബോധിപ്പിച്ചു.

Advertisement
Advertisement