'പുൽവാമ ഭീകരാക്രമണം തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ ഉണ്ടാക്കിയതല്ലേ?'; പ്രധാനമന്ത്രിയ്‌ക്കും ബിജെപിയ്‌ക്കുമെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ്

Monday 13 March 2023 11:57 PM IST

ജയ്‌പൂർ: പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രംഗത്ത്. രാജസ്ഥാനിലെ ജയ്‌പൂരിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് മുതിർന്ന കോൺഗ്രസ് നേതാവായ സുഖ്‌ജീന്ദ‌ർ സിംഗ് രൺഥാവ 2019ലെ പുൽവാമ ആക്രമണത്തെ കുറിച്ച് പ്രതികരണം നടത്തിയത്. 40 സി.ആർ.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിനിടയായ പുൽവാമ ഭീകരാക്രമണം 2019ലെ തിരഞ്ഞെടുപ്പ് ജയിക്കാൻ ഉപയോഗിക്കുന്നതിന് ഉണ്ടാക്കിയതല്ലേ എന്ന് രൺഥാവ ചോദിച്ചു.

നാളിതുവരെ എങ്ങനെയാണ് ജവാന്മാർ വീരമൃത്യുവടഞ്ഞതെന്ന് നമുക്കറിയില്ല എന്ന് അഭിപ്രായപ്പെട്ട ശേഷമാണ് രൺഥാവ അത് തിരഞ്ഞെടുപ്പിലേക്കായി ചെയ്‌തതല്ലേ എന്ന ഗുരുതര ആരോപണം ഉന്നയിച്ചത്. ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം നടത്തിയവരെ വീട്ടിൽ കയറി കൊലപ്പെടുത്തും എന്ന് പ്രസ്‌താവിച്ചിരുന്നു. ഇതും പരാമർശിച്ച രൺഥാവ പിന്നീട് പ്രധാനമന്ത്രിയെയും കടന്നാക്രമിച്ചു. ഇന്ത്യയെ നശിപ്പിക്കാൻ ബ്രിട്ടീഷ് ഈസ്‌റ്റിന്ത്യാ കമ്പനിയെ കൊണ്ടുവന്നപോലെയാണ് മോദി അദാനിയെ കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു. മോദി രാജ്യത്തെ വിൽക്കുകയാണെന്നും ഇന്ത്യ അടിമത്തത്തിലേക്ക് നീങ്ങുകയാണെന്നും ആരോപിച്ച രൺഥാവ ബിജെപിയെ കൊല്ലാനും ഒപ്പം അദാനിയും നശിക്കുമെന്നും പറഞ്ഞു. മോദിയെ ഇല്ലാതാക്കിയാൽ അദാനിയെ നീക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തങ്ങളുടെ പോരാട്ടം അദാനിക്കെതിരല്ലെന്നും ബിജെപിയെ നശിപ്പിക്കാനാണ് പോരാട്ടമെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാൽ അംബാനിയും അദാനിയും ഒപ്പം വരേണ്ടെന്നും അവർ ജയിലിൽ പോകുമെന്നും രൺഥാവ പറഞ്ഞു. പഞ്ചാബിൽ കോൺഗ്രസ് മാഫിയകളെ അവസാനിപ്പിച്ചെന്നും അകാലിദളിനെ ഇല്ലാതാക്കിയെന്നും പറഞ്ഞ അദ്ദേഹം തന്റെ വീട് പാകിസ്ഥാനിൽ നിന്നും കേവലം അഞ്ച് കിലോമീറ്റർ അകലെയാണെന്നും പാകിസ്ഥാനെ ഭയക്കുന്നില്ലെന്നും പറഞ്ഞു. മോദിക്ക് ദേശഭക്തി എന്ന വാക്കിന് അർത്ഥം പോലുമറിയില്ലെന്നും ബിജെപിയിൽ നിന്നുമുള്ള ഏത് നേതാവാണ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം ചോദിച്ചു. അദാനി ഗ്രൂപ്പിനെതിരായി ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാൻ സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കാത്തതിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു രൺഥാവയുടെ പ്രസംഗം.