മണപ്പുറം ഫിനാൻസ് ഡിജിറ്റൽ സർവകലാശാലയുമായി കൈകോർക്കുന്നു

Tuesday 14 March 2023 12:01 AM IST

മണപ്പുറം ഫിനാൻസും ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയും തമ്മിലുള്ള ധാരണാപത്രം മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാറും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും കൈമാറുന്നു . മണപ്പുറം ഫിനാൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമിത നന്ദൻ സമീപം.

തൃപ്രയാർ: നൂതന സാങ്കേതികവിദ്യകളിൽ നൈപുണ്യ പരിശീലനത്തിനും സാങ്കേതികവിദ്യാ സഹകരണത്തിനും മണപ്പുറം ഫിനാൻസ് ലിമിറ്റഡ് ഡിജിറ്റൽ സർവകലാശാലയുമായി (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, കേരള) ധാരണയിലെത്തി. മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാറും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥും ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു. ഇതുപ്രകാരം മണപ്പുറം ജീവനക്കാർക്കായി ഡിജിറ്റൽ സർവകലാശാല പ്രത്യേക കോഴ്‌സുകൾ രൂപകൽപ്പന ചെയ്ത് നൽകും. ബ്ലോക്ക്‌ചെയിൻ അടക്കമുള്ള പുതിയ സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനും മണപ്പുറം ഫിനാൻസിന് പിന്തുണ നൽകും. ഡിജിറ്റൽ സർവകലാശാല നൽകുന്ന കസ്റ്റമൈസ്ഡ് കോഴ്‌സുകളിലൂടെ മണപ്പുറം ഫിനാൻസ് ജീവനക്കാരുടെ ശേഷി വർദ്ധനവും നൈപുണ്യ പരിശീലനവുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഈ പങ്കാളിത്തം ആധുനിക സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനും ജീവനക്കാരുടെ ഡിജിറ്റൽ ശേഷികൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ബിസിനസ് പരിസ്ഥിതിയിൽ മത്സരാധിഷ്ഠിതവും പ്രസക്തവുമായി തുടരാൻ സ്ഥാപനങ്ങളെ സഹായിക്കുന്നതിൽ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യവും നിർണായക പങ്കുമുണ്ടെന്ന് മണപ്പുറം ഫിനാൻസ് എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.