ആളില്ലാത്ത വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന: ഒരു പ്രതി കൂടി പിടിയിൽ
തിരുവനന്തപുരം: ചാക്ക പഞ്ചാബി കോളനിയിലെ ആൾ പാർപ്പില്ലാത്ത വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയ സംഘത്തിലെ ഒരാളെ കൂടി പൊലീസ് പിടികൂടി. വേളി ബാല നഗർ പുതുവൽ പുത്തൻ വീട്ടിൽ മിഥിൻ ജോണിനെയാണ് (27) പേട്ട പൊലീസ് അറസ്റ്റുചെയ്തത്.
മാരകായുധങ്ങളുമായി സംഘം ചേർന്ന് മയക്കുമരുന്ന് കച്ചവടം നടത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 18ന് നടത്തിയ പരിശോധനയിൽ വെട്ടുകത്തി,മഴു,കത്തി,കഞ്ചാവ് എന്നിവയുമായി ചാക്ക കമ്പിക്കകം സ്വദേശി അനുലാലിനെ (29) പൊലീസ് പിടികൂടിയിരുന്നു.
അന്ന് ഓടി രക്ഷപ്പെട്ട് ഒളിവിൽ പോയ പ്രതികളിൽ ഒരാളാണ് മിഥിൻ ജോൺ. ഈ കേസിലെ മറ്റു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. പേട്ട പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.