മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഡൽഹിയിൽ 66% ശമ്പളവർദ്ധന

Tuesday 14 March 2023 12:35 AM IST

ന്യൂഡൽഹി: ബഡ്ജറ്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിയമസഭാ സാമാജികർക്കും 66.67 ശതമാനം ശമ്പള വർദ്ധനവ് വരുത്തി ഡൽഹി നിയമസഭ. ഡൽഹി സർക്കാരിന്റെ നിയമ-നീതിന്യായ, നിയമനിർമ്മാണ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഡൽഹി സർക്കാരിന്റെ ശുപാർശക്ക് രാഷ്ട്രപതി ദ്രൗപദി മുർ അനുമതി നൽകി. ശമ്പള വർദ്ധന ഫെബ്രുവരി 14 മുതൽ പ്രാബല്യത്തിൽ വരും.

രാജ്യത്ത് ഏറ്റവും കുറഞ്ഞ വേതനം പറ്റിയിരുന്ന ഡൽഹിയിലെ നിയമസഭാ സാമാജികരുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിനുള്ള ബില്ലുകൾ ഡൽഹി നിയമസഭ പാസാക്കിയിരുന്നു. ഇതിനെ ബി.ജെ.പിയും പിന്തുണച്ചു.

കഴിഞ്ഞ 12 വർഷത്തിനിടെ കനത്ത ശമ്പള വർദ്ധന ഇതാദ്യമായാണ്. നിയമസഭാംഗങ്ങളുടെ ശമ്പളവും അലവൻസുകളും അവസാനമായി വർദ്ധിപ്പിച്ചത് 2011ലാണ്. ശമ്പള വർദ്ധന സംബന്ധിച്ച് സർക്കാർ മാർച്ച് ഒമ്പതിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

72,000 രൂപയായിരുന്നു മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, ഡപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ ശമ്പളം 1,70,000 രൂപയായാണ് ഉയർത്തിയത്. മറ്റ് നിയമസഭാ സാമാജികരുടെ പ്രതിമാസ വരുമാനം 54,000 രൂപയിൽ നിന്ന്‌ 90,000 രൂപയാക്കി ഉയർത്തി. സാമാജികരുടെ അടിസ്ഥാന ശമ്പളം പ്രതിമാസം 12,000 രൂപയിൽ നിന്ന് 30,000 രൂപയായും മന്ത്രിമാരുടേത് 20,000 രൂപയിൽ നിന്ന് 60,000 രുപയായും വർദ്ധിപ്പിച്ചു. എം.എൽ.എ എന്ന നിലയിൽ നിയോജക മണ്ഡലത്തിന് ലഭിക്കുന്ന അലവൻസ് 18,000 ത്തിൽ നിന്ന് 25,000 രൂപയായും ടെലിഫോൺ അലവൻസ് 8,000 ൽ നിന്ന് 10,000 രൂപയായും സെക്രട്ടേറിയറ്റ് അലവൻസ് 10,000 രൂപയിൽ നിന്ന് 15,000 രൂപയായും മറ്റ് അലവൻസ് 6,000 ൽ നിന്ന് 10,000 രൂപയായും വർദ്ധിപ്പിച്ചു.

ഇതിന് പുറമെ വാർഷിക യാത്രാബത്ത 50,000 ൽ നിന്ന് ഒരു ലക്ഷമായി ഉയർത്തി. പ്രതിദിന അലവൻസ് 1,000 രൂപയിൽ നിന്ന് 1,500 രൂപയാക്കി. പ്രതിമാസ ഗതാഗത അലവൻസ് 2,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തിയിട്ടുണ്ട്.

എല്ലാ അലവൻസുകളുമടക്കം പ്രതിമാസം 2.10 ലക്ഷം രൂപയായി എം.എൽ.എ മാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ 2015ൽ ആം ആദ്മി സർക്കാർ നൽകിയ ശുപാർശ കേന്ദ്ര സർക്കാർ നിരസിച്ചിരുന്നു.