മിനിമം താങ്ങുവില; പഞ്ചാബിലെ കർഷകർ ഡൽഹിയിൽ പ്രതിഷേധിച്ചു

Tuesday 14 March 2023 12:39 AM IST

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത മിനിമം താങ്ങുവില പദ്ധതി നടപ്പിലാക്കണമെന്നും പഞ്ചാബിൽ കാർഷിക പ്രവൃത്തികൾക്കായി ജലവിതരണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബിലെ അഞ്ച് കർഷക സംഘടനകൾ ഡൽഹി ജന്തർ മന്ദറിൽ പ്രതിഷേധിച്ചു. ആവശ്യങ്ങളുന്നയിച്ച നിവേദനം പ്രധാനമന്ത്രിക്ക് നൽകാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.

"മിനിമം താങ്ങുവില പദ്ധതി എത്രയും വേഗം നടപ്പിലാക്കണം. കാർഷികാവശ്യങ്ങൾക്കായുള്ള ജലം മുഴുവൻ ഡൽഹിയിലേക്കും രാജസ്ഥാനിലേക്കും പോകുകയാണ്. എം.എസ്.പി യിലൂടെ ഞങ്ങളുടെ ഗോതമ്പ്, പയറുവർഗ്ഗങ്ങൾ എന്നിവയ്ക്കായി കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ല. കർഷക കുടുംബങ്ങൾ കഷ്ടപ്പെടുകയാണ്." പഞ്ചാബിലെ തരൺ ജില്ലയിൽ നിന്നുള്ള കർഷകൻ ജർണൈൽ സിംഗ് പറഞ്ഞു.

കിസാൻ മഹാപഞ്ചായത്ത്

20 ന് ഡൽഹിയിൽ

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുക്കുന്ന കിസാൻ മഹാപഞ്ചായത്ത് മാർച്ച് 20ന് ഡൽഹിയിൽ നടക്കും. കഴിഞ്ഞ ദിവസം കുരുക്ഷേത്രയിൽ നടന്ന കിസാൻ പഞ്ചായത്തിൽ വച്ചാണ് സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ കിസാൻ മഹാ പഞ്ചായത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

2024ലെ ലോക‌്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള തന്ത്രങ്ങൾക്കും കിസാൻ മഹാപഞ്ചായത്ത് രൂപം നൽകും. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 31 അംഗ കമ്മിറ്റിക്ക് രൂപം നൽകും. സംയുക്ത കിസാൻ മോർച്ചയ്ക്ക് ഭരണഘടന തയ്യാറാക്കുമെന്നും കർഷക നേതാവ് ഡോ. സുനിൽ പറഞ്ഞു.

കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതായി എസ്.കെ.എം നേതാക്കൾ പറഞ്ഞു. കർഷകരുടെ കടം എഴുതിത്തള്ളൽ, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കൽ, മിനിമം താങ്ങുവില വ്യവസ്ഥയ്ക്ക് നിയമപരമായ ചട്ടക്കൂട് തയ്യാറാക്കൽ എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കാതെ കേന്ദ്ര സർക്കാർ നീട്ടിക്കൊണ്ട് പോകുകയാണെന്നും നേതാക്കൾ ആരോപിച്ചു.

Advertisement
Advertisement