ചൈനയുമായുളള ബന്ധം സങ്കീർണ്ണം, അപകീർത്തിപ്പെടുത്താൻ പാക് ശ്രമം; വിദേശകാര്യ മന്ത്രാലയ റിപ്പോർട്ട്

Tuesday 14 March 2023 12:43 AM IST

ന്യൂഡൽഹി:അതിർത്തികളിലെ സമാധാനം തകർക്കാൻ പാക്കിസ്ഥാനും ചൈനയും ശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. ചൈനയുമായുള്ള ബന്ധം സങ്കീർണ്ണമാണ്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ പാക്കിസ്ഥാൻ ശ്രമിക്കുകയാണ്. കിഴക്കൻ ലഡാക്കിൽ 2020 ഏപ്രിൽ, മെയ് മാസം മുതൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ സ്ഥിതിഗതികൾ ഏകപക്ഷീയമായി മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങൾ ഇരു രാജ്യങ്ങളുടെയും സമാധാനത്തെ ബാധിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതിർത്തി കടന്ന് എത്തുന്ന പാക്കിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകര പ്രവർത്തനങ്ങൾക്കെതിരെ ഒരു വിട്ട് വീഴ്ച്ചയുമില്ല. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിൽ ഇസ്ലാമാബാദ് ആത്മാർത്ഥത കാണിക്കുന്നില്ല. കിഴക്കൻ ലഡാക്കിലെ ചൈനയുടെ പ്രകോപനത്തിന് ഇന്ത്യൻ സേനയിൽ നിന്നും ഉചിതമായ പ്രതികരണം ലഭിച്ചു. എന്നാൽ കിഴക്കൻ ലഡാക്കിലെ പ്രശ്നങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കാൻ ചൈനയും ഇന്ത്യയും സമ്മതിച്ചതായും ഇക്കാര്യത്തിൽ ചൈനയുമായി ചർച്ചകൾ തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം മാർച്ച് 22 ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യിയുടെ ഇന്ത്യ സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയ കാര്യവും റിപ്പോർട്ടിലുണ്ട്.

പാക്കിസ്ഥാൻ അതിന്റെ ആഭ്യന്തരമായ രാഷ്ട്രീയ, സാമ്പത്തിക പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇന്ത്യയെ ശത്രുതയോടെ കെട്ടിച്ചമച്ച പ്രചരണവുമായി അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനം ഉറപ്പ് വരുത്താൻ കഴിയണം. ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കേണ്ട ഉത്തരവാദിത്വം പാക്കിസ്ഥാനാണ്. റിപ്പോർട്ട് വ്യക്തമാക്കുന്നു.