ഇ.വേണുഗോപാല മേനോന് നാളെ ചേലക്കര കൂട്ടായ്മയുടെ സ്നേഹാദരം

Tuesday 14 March 2023 12:51 AM IST

ചേലക്കര : അഞ്ചര പതിറ്റാണ്ടായി ചേലക്കരയുടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സഹകരണ മേഖലകളിൽ നിറ സാന്നിദ്ധ്യമായ ഇ.വേണുഗോപാല മേനോന് നാളെ സ്‌നേഹാദരം നൽകും. ചേലക്കര കൂട്ടായ്മയാണ് സ്‌നേഹാദര ചടങ്ങ് സംഘടിപ്പിക്കുന്നത്. തോന്നൂർക്കര എം.എസ്.എൻ ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ആയിരത്തിൽപരം ആളുകൾ പങ്കെടുക്കുമെന്ന് ചേലക്കര കൂട്ടായ്മ ഭാരവാഹികൾ ചേലക്കര പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.

1979 മുതൽ 2020 വരെ തൃശൂർ ജില്ലാപഞ്ചായത്ത് അംഗം, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് എന്നീ മേഖലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഗാന്ധിയൻ ആദർശങ്ങളുമായി മുന്നോട്ട് പോകുന്ന ഇ.വേണുഗോപാല മേനോന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപഹാരം നൽകും. ത്രിതല പഞ്ചായത്ത് ഭരണ സമിതി ഭാരവാഹികളും വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളും സ്‌നേഹാദരത്തിന്റെ ഭാഗമാകും. ചേലക്കര കൂട്ടായ്മ ചെയർമാൻ അഡ്വ.എൽദോ പൂക്കുന്നേൽ, ഭാരവാഹികളായ ടി.ഗോപാലകൃഷ്ണൻ, സി.ഉണ്ണിക്കൃഷ്ണൻ, എം.ബി.ഗിരിജ വല്ലഭൻ തുടങ്ങിയവർ പങ്കെടുത്തു