തോൽപ്പാവക്കൂത്ത് പഠിക്കാൻ ജപ്പാൻ സംഘം
Tuesday 14 March 2023 1:13 AM IST
തൃശൂർ: തോൽപ്പാവക്കൂത്തിനെപ്പറ്റി പഠിക്കാൻ ജപ്പാനിലെ ടവകസ് നഗരത്തിൽ നിന്ന് കൊയന്നോ, നവുകൂ എന്നിവർ പത്മശ്രീ രാമചന്ദ്രപ്പുലവരുടെ നേതൃത്വത്തിലുള്ള ഷൊർണൂർ കൂനത്തറ തോൽപ്പാവക്കൂത്ത് കേന്ദ്രത്തിലെത്തി. ജപ്പാനിലെ പാവകളിയും കേരളത്തിലെ പാരമ്പര്യ രീതിയിലുള്ള തോൽപ്പാവക്കൂത്തും സംയോജിപ്പിച്ച് പുതിയ പാവനാടകം ഒരുക്കുകയാണ് ലക്ഷ്യം.
ഒരാഴ്ച താമസിച്ചാണ് ഇവർ വള്ളുവനാടൻ ക്ഷേത്രത്തിലെ പൂരത്തോട് അനുബന്ധിച്ചുള്ള കൂത്ത് ഉൾപ്പെടെ കണ്ടറിയുക. കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ വർഷം വരാനായില്ലെന്ന് ഇവർ പറഞ്ഞു. ചിനക്കത്തൂർ പൂരം, കാവശ്ശേരി പാവക്കൂത്ത് മഹോത്സവം, കോഴിമാംപറമ്പ് പൂരം തുടങ്ങിയവയിൽ പങ്കെടുത്തു. പാവനിർമാണം, കമ്പരാമായണം പാട്ടുകൾ തുടങ്ങിയവയും പഠിക്കും.