അദ്ഭുതരാഗം

Tuesday 14 March 2023 2:08 AM IST

നല്ല സംഗീതജ്ഞൻ മാത്രമല്ല, നല്ല മനുഷ്യനുമാണ് കീരവാണി സാർ. എല്ലാത്തരം സംഗീതവും വഴങ്ങുന്ന അദ്ഭുത മനുഷ്യൻ. എളിമയുള്ള വ്യക്തി. ചിത്ര ഗാരു എന്നാണ് കീരവാണി സാർ വിളിക്കാറ്. എസ്.പി ബാലസുബ്രഹ്മണ്യവുമായി അടുത്ത ബന്ധമാണ് സാറിനുണ്ടായിരുന്നത്. ഒരു പാട്ടിൽ നിന്ന് താൻ ഉദ്ദേശിക്കുന്നതിന്റെ പത്തിരട്ടി എസ്.പി.ബി സാർ നൽകാറുണ്ടെന്ന് കീരവാണി സാർ പറയുമായിരുന്നു.

എന്നെ സംബന്ധിച്ച്, ഭാഷ അറിയാത്ത പ്രശ്‌നമുണ്ടായിരുന്നു. ഒരോ പാട്ടും എന്നെ ഒപ്പമിരുത്തി, ഒരോ വാക്കിന്റെ അർത്ഥവും പഠിപ്പിച്ച് അദ്ദേഹം പാടിക്കും. എന്നൊടൊപ്പം ജോലി ചെയ്യുന്നത് വളരെ കംഫർട്ട് ആണെന്നാണ് സാർ പറയാറ്. അദ്ദേഹം പറയുന്നത് ഒരു തർക്കവുമില്ലാതെ പാടിക്കൊടുക്കാൻ കഴിയുന്നതുകൊണ്ടായിരിക്കാം ഇത്.

വിമാനത്തിൽ കയറാൻ പേടിയുള്ള വ്യക്തിയായിരുന്നു കീരവാണി സാർ. നിങ്ങൾ ഇത്രയും നേരമെടുത്ത് അമേരിക്കയിലേക്ക് വിമാനത്തിൽ പോകുമ്പോൾ എന്തു ചെയ്യുമെന്നൊക്കെ ചോദിച്ചയാളാണ്. ഇപ്പോൾ അമേരിക്കയിലേക്ക് വിമാനം കയറിപ്പോയി ഗോൾഡൻ ഗ്ലോബും ഓസ്‌കാറും വാങ്ങുന്നു. എല്ലാ വിശേഷാവസരങ്ങളിലും ഞങ്ങൾ മൊബൈലിഷ മെസേജ് അയയ്ക്കാറുണ്ട്, ഗോൾഡൻ ഗ്ലോബ് ലഭിച്ചപ്പോൾ അദ്ദേഹത്തിന് അഭിനന്ദന സന്ദേശമയച്ചിരുന്നു. 'താങ്ക്‌യൂ ചിത്ര ഗാരൂ' എന്ന് മറുപടിയും വന്നു.

തെലുങ്കിൽ വളരെ തിരക്കുണ്ടായിരുന്ന ചക്രവർത്തി എന്ന സംഗീത സംവിധായകന്റെ അസിസ്റ്റന്റായിരുന്നു കീരവാണി സാർ. ചക്രവർത്തി സാറിന്റെ സിനിമകളിൽ പാടുമ്പോൾ മുതൽ എനിക്ക് സാറിനെ പരിചയമുണ്ട്. കീരവാണി സാർ പാട്ടുകൾ ചിട്ടപ്പെടുത്തുന്നത് വളരെ ഡ്രമാറ്റിക്ക് ആയിട്ടാണ്. ആക്ഷനുകളോടെ പാടേണ്ട ഒരുപാട് പാട്ടുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ചില പാട്ടുകൾക്കിടയിൽ ഡയലോഗുകൾ വരും. ചിലതിന് പല ഭാവങ്ങളും കൊടുക്കേണ്ടി വരും. അത്തരം സാഹചര്യങ്ങളിലൊക്കെ അത് എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന് അഭിനയിച്ചു കാണിക്കും.

കീരവാണി സാറിന്റെ ഒരുപാട് പാട്ടുകൾ പാടാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. എന്റെ പാട്ടുകളും പാടുന്ന രീതിയും വളരെ ഇഷ്ടമാണെന്ന് അദ്ദേഹം പല ആവർത്തി പറഞ്ഞിട്ടുമുണ്ട്. ഞാൻ സംഗീത ജീവിതത്തിൽ തിരക്കുകളിലേക്കെത്തിയ സമയത്താണ് കീരവാണി സർ മുൻനിരയിലേക്കു കടന്നുവരുന്നത്. കുറേ വിശ്വാസങ്ങളുള്ള ആളാണ് അദ്ദേഹം. ഒരിക്കൽ അദ്ദേഹം പറഞ്ഞു, കുറച്ചു കാലത്തേക്ക് സന്യാസിയായി ജീവിക്കാൻ തീരുമാനിച്ചുവെന്ന്. അങ്ങനെ മൂന്നു വർഷത്തോളം അദ്ദേഹം സന്യാസിയായി കഴിഞ്ഞു. കാഷായ വസ്ത്രം ധരിച്ച് കുടിൽ കെട്ടി ആശ്രമം പോലെയുണ്ടാക്കി അവിടെ കുറച്ച് സന്യാസിമാർക്കൊപ്പം താമസിച്ചു. ആ സമയത്തും റെക്കോർഡിംഗിന് സ്റ്റുഡിയോയിൽ വരും. കാഷായമുടുത്തായിരിക്കും വരവ്.

പല സിനിമകളുടെയും പാട്ടുകളുടെ റെക്കോർഡിംഗുമായി തിരക്കിലായിരുന്നപ്പോൾ അദ്ദേഹം ഗായകർക്കു വേണ്ടി മാത്രമായി ഒരു ദിവസം മാറ്റി വയ്ക്കുമായിരുന്നു. രണ്ടോ മൂന്നോ സിനിമകളുടെ സംഗീതം ചെയ്തിട്ട് വോയ്‌സ് മിക്‌സിംഗിനു മാത്രമുള്ള ദിവസങ്ങളാണ് അത്. ആ ദിവസം മറ്റെവിടെയും പോകാൻ പാടില്ലെന്ന് നേരത്തേ പറയും. അന്നു രാവിലെ മുതൽ രാത്രി വരെ സ്റ്റുഡിയോയിൽത്തന്നെയായിരിക്കും. ഗായകർ ഓരോരുത്തരായി വന്ന് പാടി റെക്കോർഡ് ചെയ്ത് തിരിച്ചുപോകും.

Advertisement
Advertisement