കുര സഹിച്ചില്ല, നായയെ ജീവനോടെ കുഴിച്ചുമൂടി

Tuesday 14 March 2023 6:46 AM IST

ബ്രസീലിയ : അയൽ വീട്ടിലെ വളർത്തുനായയുടെ തുടർച്ചയായ കുര കേട്ട് ക്ഷമ നശിച്ച 82കാരി നായയെ ജീവനോടെ കുഴിച്ചുമൂടി. ബ്രസീലിലെ പ്ലനൂറ മുനിസിപ്പാലി​റ്റിയിലാണ് ഞെട്ടിക്കുന്ന സംഭവം. രാത്രി നിറുത്താതെയുള്ള നായയുടെ കുര തന്റെ ഉറക്കം നഷ്ടപ്പെടുത്തിയെന്നും സഹിക്കാൻ വയ്യാതെ വന്നതോടെയാണ് കൃത്യം ചെയ്തതെന്നും സ്ത്രീ പൊലീസിനോട് സമ്മതിച്ചു. തന്റെ വീട്ടിലെ പൂന്തോട്ടത്തിലാണ് ഇവർ നീന എന്ന നായയെ കുഴിച്ചുമൂടിയത്. ഏകദേശം ഒന്നര മണിക്കൂറിന് ശേഷം സ്ത്രീ തന്നെ അയൽവാസിയോട് ഇക്കാര്യം വെളിപ്പെടുത്തി. നായയെ കാണാതെ വന്നതോടെ അയൽവാസി ഇവരെ സമീപിക്കുകയായിരുന്നു. ഉടൻ തന്നെ പൂന്തോട്ടത്തിലേക്ക് ഓടിയെത്തിയ അയൽവാസി തന്റെ നായയെ ജീവനോടെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. തന്റെ പ്രവൃത്തിയിൽ കുറ്റബോധമില്ലെന്ന് പറഞ്ഞ സ്ത്രീ ഇനിയും കുര കേട്ടാൽ ഇത് ആവർത്തിക്കുമെന്ന് പറയുന്നു. സംഭവത്തിൽ പൊലീസ് ഇവർക്കെതിരെ കേസെടുത്തു.