ജി 20 : പുട്ടിന്റെ ഇന്ത്യാ സന്ദർശനം തള്ളാതെ റഷ്യ

Tuesday 14 March 2023 6:49 AM IST

മോസ്കോ : സെപ്തംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി -20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പങ്കെടുക്കുന്ന കാര്യം തള്ളാനാവില്ലെന്നും ഇതിൽ തീരുമാനം അന്തിമമായിട്ടില്ലെന്നും വക്താവ് ഡിമിട്രി പെസ്കൊവ് പറഞ്ഞു. സെപ്തംബർ 9,10 തീയതികളിൽ ന്യൂഡൽഹിയിൽ വച്ചാണ് ജി- 20 ഉച്ചകോടി. യുക്രെയിനിൽ റഷ്യൻ അധിനിവേശം ആരംഭിച്ച ശേഷം മുൻ സോവിയറ്റ് രാജ്യങ്ങളിലേക്കല്ലാതെ പുട്ടിൻ വിദേശയാത്ര നടത്തിയിട്ടില്ല.

ഇന്ത്യയിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടി പുട്ടിന്റെ പരിപാടികളുടെ സമയക്രമങ്ങൾ ഉദ്യോഗസ്ഥർ ക്രമീകരിക്കുകയാണെന്ന് ഒരു അന്താരാഷ്ട്ര മാദ്ധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കാൻ പുട്ടിനെ ഇന്ത്യ ക്ഷണിക്കുകയും ക്രെംലിൻ അംഗീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഇൻഡോനേഷ്യയിലെ ബാലിയിൽ നടന്ന ജി -20 ഉച്ചകോടിയിൽ പുട്ടിന് പകരം വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവ് ആണ് പങ്കെടുത്തത്.