ക്ലാസിക് ക്വീൻ ദീപിക
ഓസ്കാർ വേദിയിൽ അവാർഡിൽ മാത്രമല്ല, അവതരണത്തിലും ഇന്ത്യൻ തിളക്കം. ബോളിവുഡ് സൂപ്പർതാരം ദീപിക പദുകോൺ ആണ് ഓസ്കാർ വേദിയിൽ തിളങ്ങിയ ഇന്ത്യൻ സുന്ദരി. ലൂയി വൂട്ടാൻ ബ്ലാക്ക് വെൽവെറ്റ് ഓഫ് - ഷോൾഡർ ബോൾഗൗണിൽ ക്ലാസിക് ലുക്കിലെത്തിയ ദീപിക 95-ാം ഓസ്കാർ നിശയിൽ ഏറ്റവും മനോഹരമായ ഔട്ട്ഫിറ്റിലെത്തിയവരിൽ ഒരാളായി.
മഞ്ഞ ഡയമണ്ട് പതിപ്പിച്ച കാർട്ടിയെ നെക്‌ലേസും ന്യൂഡ് മേക്കപ്പും കൂടി ചേർന്നപ്പോൾ റെഡ് കാർപ്പറ്റിലെ ക്വീനായി മാറി ദീപിക. ഗൗണിനു ചേരും വിധത്തിൽ കൈകളിൽ ബ്ലാക്ക് ഒപ്പേറ ഗ്ലൗസും മുകളിൽ ഡയമണ്ട് ബ്രേസ്‌ലെറ്റും മോതിരവും ധരിച്ചത് ദീപികയ്ക്ക് റോയൽ ലുക്കേകി.നേരത്തെ കാൻ ഫിലിംഫെസ്റ്റിവലിൽ ജൂറി അംഗമായും ഖത്തർ ഫുട്ബോൾ ലോകകപ്പിൽ ട്രോഫി അവതരിപ്പിച്ചും ആഗോള സ്റ്റൈൽ ഐക്കണായി മാറിയ ദീപിക ലോകസിനിമയുടെ മാമാങ്കമായ ഓസ്കാറിലും പതിവു തെറ്റിച്ചില്ല.
ആർ.ആർ.ആറിലെ നാട്ടുനാട്ടുവിന്റെ തത്‌സമയ അവതരണത്തിനു മുന്നേ പാട്ട് പരിചയപ്പെടുത്തിയത് ദീപികയാണ്. ദീപികയുടെ അവതരണം അഭിമാനത്തോടെ ഇന്ത്യൻ സോഷ്യൽ മീഡിയ ഏറ്റെടുത്തു. നാട്ടു നാട്ടുവിന് ഓസ്കാർ ലഭിച്ചപ്പോൾ ദീപിക വേദിയിലിരുന്ന് നിറകണ്ണുകളോടെ സന്തോഷം പ്രകടമാക്കുന്നതും വൈറലായി.
ഓസ്കാർ ചരിത്രത്തിൽ അവതരണത്തിനെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ സെലിബ്രിറ്റിയാണ് ദീപിക. മുൻ മിസ് ഇന്ത്യയും നടിയുമായ പെർസിസ് ഖംബട്ടയാണ് ഓസ്കാറിൽ അവതരണത്തിനെത്തിയ ആദ്യ ഇന്ത്യൻ സെലിബ്രിറ്റി. 1980- ലായിരുന്നു ഇത്. 2016- ൽ പ്രിയങ്കാ ചോപ്ര.