ഏഴ് മാസം ഒന്നിച്ച് താമസിച്ച ശേഷം ഒഴിവാക്കി മുൻ ഭർത്താവിനൊപ്പം പോയി; കണ്ണൂരിൽ കോടതി ജീവനക്കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം

Tuesday 14 March 2023 10:12 AM IST

കണ്ണൂർ: കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജീവനക്കാരിയായ നടുവിൽ സ്വദേശി കെ ഷാഹിത(46)യ്ക്ക് നെരെയാണ് ആക്രമണമുണ്ടായത്. മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗത്തും ആസിഡ് വീണ് സാരമായി പൊള്ളലേറ്റ ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവ് എന്ന് അവകാശപ്പെടുന്ന തളിപ്പറമ്പ് സർസയ്യിദ് കോളേജിലെ ക്ലർക്ക് ചപ്പാരപ്പടവ് കൂവേരിയിലെ മടത്തിൽ മാമ്പള്ളി അഷ്‌ക്കറിനെ(52) പൊലീസ് അറസ്റ്റുചെയ്തു.

തളിപ്പറമ്പ് മാർക്കറ്റ് റോഡിന് സമീപം ന്യൂസ് കോർണർ ജംഗ്ഷനിൽ വച്ച് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ആക്രമണമുണ്ടായത്. ഷാഹിത കോടതിയിൽ നിന്ന് മടങ്ങി വരുന്ന വഴിയിൽ കാത്തിരുന്ന അഷ്കർ സമീപത്തുപോയി സംസാരിച്ചു. പിന്നീട് കൈയിൽ കരുതിയിരുന്ന ആസിഡ് ഷാഹിതയുടെ ദേഹത്തേയ്ക്ക് ഒഴിച്ചു. ശേഷം കുപ്പിയോടെ ദേഹത്തേക്ക് വലിച്ചെറിയുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. ആക്രമണത്തിൽ നിലത്തുവീണ ഷാഹിത അലറിക്കരഞ്ഞു. ആസിഡ് വീണ് തലമുടിയും വസ്ത്രങ്ങളും കരിഞ്ഞു.

മുഖത്തും ചുമലിലും കൈകളിലും പൊള്ളലേറ്റു. ഷാഹിതയുടെ തൊട്ടുപിന്നിലുണ്ടായിരുന്ന മുൻസിഫ് കോടതി ജീവനക്കാരൻ പയ്യാവൂർ സ്വദേശി പ്രവീൺ തോമസിനും നഗരത്തിൽ പത്ര വിൽപ്പന നടത്തുന്ന മംഗര അബ്ദുൾ ജബ്ബാറിനും ആസിഡ് വീണ് പൊള്ളലേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തുണ്ടായിരുന്ന മൂന്നുപേരുടെ വസ്ത്രങ്ങളും ആസിഡ് വീണ് കരിഞ്ഞു. അഷ്കറിനെ ഉടൻ തന്നെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. അഷ്കറിന്റെ വസ്ത്രങ്ങളും ആസിഡ് വീണ് കരിഞ്ഞ നിലയിലാണ്. പൊള്ളലേറ്റതിനാൽ പൊലീസ് ഇയാളെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതാചാരപ്രകാരം വിവാഹം ചെയ്ത് ഏഴുമാസം ഒന്നിച്ചുതാമസിച്ച ശേഷം തന്നെ ഒഴിവാക്കി മുൻ ഭർത്താവിനൊപ്പം ഷാഹിദ താമസിക്കുന്നുവെന്നാണ് ആക്രമിച്ചതിന് കാരണമായി പ്രതി പറയുന്നത്.