നേപ്പാൾ പ്രസിഡന്റ് : റാം ചന്ദ്ര പൗഡൽ ചുമതലയേറ്റു
കാഠ്മണ്ഡു: നേപ്പാളിന്റെ മൂന്നാമത്തെ പ്രസിഡന്റായി റാം ചന്ദ്ര പൗഡൽ അധികാരമേറ്റു. ഇന്നലെ പ്രസിഡന്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഹരി കൃഷ്ണ കാർകി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ സി.പി.എൻ - യു.എം.എൽ പാർട്ടി നോമിനി സുഭാഷ്ചന്ദ്ര നെംബ്‌വാംഗിനെ പരാജയപ്പെടുത്തി നേപ്പാളി കോൺഗ്രസിലെ മുതിർന്ന നേതാവായ പൗഡൽ രാജ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. പൗഡലിന് 33,802ഉം സുഭാഷ്ചന്ദ്ര നെംബ്‌വാംഗിന് 15,518ഉം ഇലക്റ്ററൽ വോട്ടുകളാണ് ലഭിച്ചത്.
പ്രധാനമന്ത്രി പുഷ്പ കമൽ ദഹാൽ പ്രചണ്ഡയുടെ സി.പി.എൻ - മാവോയിസ്റ്റ് സെന്ററടക്കം എട്ട് പാർട്ടികൾ പൗഡലിനെ പിന്തുണച്ചിരുന്നു. 78കാരനായ പൗഡൽ നേപ്പാളി കോൺഗ്രസിന്റെ സെൻട്രൽ കമ്മിറ്റി മെമ്പർ, വൈസ് പ്രസിഡന്റ്, ആക്ടിംഗ് പ്രസിഡന്റ് എന്നിവയ്ക്ക് പുറമേ പാർലമെന്റിലെ പ്രതിനിധി സഭാ സ്പീക്കർ, ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി പദവികളും വഹിച്ചിട്ടുണ്ട്.