കണ്ണൂരിൽ പൊലീസ് സ്റ്റേഷൻ പരിസരത്ത് വാഹനം കത്തിച്ചത് കാപ്പ കേസ് പ്രതി തന്നെ; പിടികൂടിയത് ഏറെ പണിപ്പെട്ട്, രണ്ട് പൊലീസുകാർക്ക് പരിക്ക്

Tuesday 14 March 2023 10:42 AM IST

കണ്ണൂർ: വളപട്ടണം പൊലീസ് സ്‌റ്റേഷൻ പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ട കാപ്പ കേസ് പ്രതി ചാണ്ടി ഷമീമിനെ പൊലീസ് പിടികൂടി. രാവിലെ മുതൽ ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു. ഉഴാദിയിൽ നിന്നാണ് ഷമീമിനെ ബലം പ്രയോഗിച്ച് പിടികൂടിയത്. ഇതിനിടെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.

ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ഇയാൾ വളപട്ടണം സ്റ്റേഷനിൽ കടന്ന് അഞ്ച് വാഹനങ്ങൾക്ക് തീയിട്ടത്. ഒരു കാർ, ജീപ്പ്, ഇരുചക്രവാഹനം എന്നിവ‌യാണ് തീപിടിച്ച് നശിച്ചത്. വിവിധ കേസുകളിൽ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. തളിപ്പറമ്പ് നിന്ന് അഗ്നിരക്ഷാസേനയെത്തി നാല് മണിയോടെയാണ് തീ അണച്ചത്.

ചാണ്ടി ഷമീം തിങ്കളാഴ്ച പൊലീസ് സ്‌റ്റേഷനിലെത്തി ബഹളംവച്ചിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തതിനെ തുടർന്നായിരുന്നു ബഹളം വയ്‌ക്കുകയും ഒരു ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയും ചെയ്‌തത്. ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേർന്ന് തീയിട്ടതാകാമെന്നാണ് പൊലീസിന് നേരത്തേ സംശയമുണ്ടായിരുന്നു.